vallam

പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേൽപ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായ ചടങ്ങുകൾ പാലിച്ച് നടത്താൻ തീരുമാനിച്ചു. വീണാ ജോർജ് എം.എൽ.എ, ജില്ലാ കളക്ടർ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തിൽ പള്ളിയോട സേവാ സംഘം പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന വീഡിയോ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

തിരുവോണ സദ്യക്കാവശ്യമായ വിഭവങ്ങളുമായി തിരുവോണത്തോണി 30 ന് വൈകിട്ട് ആറിന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ 20 പേരെ ഉൾപ്പെടുത്തി പുറപ്പെടും. 31 ന് പുലർച്ചെ ആറിന് ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരും. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി പള്ളിയോടത്തിൽ 24 പേർക്ക് അനുമതി നൽകി. ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്തംബർ നാലിന് രാവിലെ പത്തിന് ചടങ്ങുകൾ മാത്രമായി നടത്തും. സെപ്തംബർ 10ന് രാവിലെ 11ന് അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട പള്ളിയോടത്തിൽ 24 പേരും ചടങ്ങുകൾക്കായി എട്ട് പേരും ഉൾപ്പെടെ 32 പേരെ ഉൾപ്പെടുത്തി നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, എ.ഡി.എം അലക്‌സ് പി. തോമസ്, തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ, അടൂർ ആർ.ഡി.ഒ എസ്.ഹരികുമാർ, ഡി.എം ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, ഡി.എം.ഒ ഡോ.എ.എൽ. ഷീജ, ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ, ഡിഡിപി എസ്.ഷാജി, ഡിവൈ.എസ് പി എസ്.സജീവ്, തഹസീൽദാർമാരായ ഓമനക്കുട്ടൻ, ജോൺ പി. വർഗീസ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.