തിരുവല്ല: കൈവരിയില്ലാത്ത കാളക്കടവ് പാലം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. പെരിങ്ങര പഞ്ചായത്തിലെ കാരയ്ക്കൽ - കൂരച്ചാൽ തോടിന് കുറുകെ കാരയ്ക്കൽ കാളക്കടവ് ജംഗ്ഷനിലുള്ള പാലമാണ് കൈവരിയില്ലാത്തത് മൂലം അപകട ഭീഷണി ഉയർത്തുന്നത്. കൈവരി ഇല്ലാത്തതിനാൽ വെള്ളപ്പൊക്കത്തിൽ പാലം കവിഞ്ഞു വെള്ളം ഒഴുകുന്നതിനാൽ പാലം എവിടെയാണെന്ന് കണ്ടെത്താൻ പോലും ബുദ്ധിമുട്ടാണ്. കുട്ടികളും സ്ത്രീകളും വൃദ്ധരും ഉൾപ്പെടെയുള്ളവർ ഇതുവഴി കടന്നുപോകാനാൻ ഭയമാണ്.രണ്ട് ഉരുക്ക് ഗർഡറുകൾക്ക് മീതെ കോൺക്രീറ്റ് ചെയ്ത പാലത്തിന് അഞ്ചടി വീതിയുണ്ട്.പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച പാലത്തിലൂടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അടക്കം നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. എന്നാൽ കൈവരി ഇല്ലാത്തതിനാൽ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ തോട്ടിലേക്ക് പതിച്ച് ഒട്ടനവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.
പാലത്തിന് കൈവരി സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് നേരെ അധികൃതർ മുഖം തിരിക്കുകയാണ്
(പ്രദേശവാസികൾ)
-പാലത്തിന് 5 അടി വീതി
- നിരവധി വാഹനങ്ങൾ കടന്നു പോകുന്നു
- വാഹനങ്ങൾ തോട്ടിലേക്ക് പതിച്ച് നിരവധി അപകടങ്ങൾ