അടൂർ : ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ഫാം ഉടമ പി. പി. മത്തായി മരിച്ചതിനെക്കുറിച്ചുള്ള സി. ബി. ഐ അന്വേഷണം പൂർത്തിയാകുമ്പോൾ വനപാലകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. അടൂർ നഗരസഭയുടെ വെറ്ററിനറി പോളീക്ളീനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഇത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്.വനംവകുപ്പിന്റെ അന്വേഷണത്തിന് പുറമേ ലോക്കൽ പൊലീസും അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമേയാണ് ഉന്നതതല അന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സി. ബി. ഐ അന്വേഷണം നടത്തുന്നത് . മരണമടഞ്ഞ മത്തായിയുടെ വീട് സന്ദർശിക്കാതിരുന്നത് മനപൂർവവമെന്ന ആരോപണം തെറ്റാണ്. സംഭവത്തിന് ശേഷം പുനലൂരിലെ ഒരു യോഗത്തിൽ പങ്കെടുത്തതുവഴി ക്വാറന്റൈനിൽ കഴിയേണ്ടിവന്നതിനാലാണ് പോകാതിരുന്നത്. സംഭവം നടന്നതിന്റെ രണ്ടാംദിവസം തന്നെ മത്തായിയുടെ ഭാര്യയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരായുകയും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ഉറപ്പും നൽകിയിരുന്നതാണെന്നും മന്ത്രി പറഞ്ഞു