പത്തനംതിട്ട: സർക്കാർ നിർദേശങ്ങൾ പാലിച്ച് ആഗസ്റ്റ് 24 മുതൽ കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും.
സന്ദർശകരുടെയും ഗൈഡുകളുടെയും വാച്ചർമാരുടെയും ഡ്രൈവർമാരുടെയും സഹായികളുടെയും ശരീര താപനില തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കും. അനുവദനീയമായതിൽ കൂടുതൽ ശരീരതാപനില ഉള്ളവരെ പ്രത്യേക സൗകര്യത്തിലേക്ക് മാറ്റി വൈദ്യസഹായം ഉറപ്പാക്കും. പ്രത്യേക സ്ഥലവും വാഹനവും ഇതിനായി സജ്ജമാക്കും. ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്കും സന്ദർശകർക്കും നിർബന്ധമായും ശരിയായി ധരിച്ച മുഖാവരണം ഉണ്ടായിരിക്കണം. പാർക്കിംഗ് ഏരിയ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, കുട്ടവഞ്ചി തുടങ്ങിയവയിൽ സാനിട്ടൈസർ ഉണ്ടായിരിക്കും. വാഹനങ്ങളുടെ ടയർ പാർക്കിംഗിന് മുമ്പ് അണുവിമുക്തമാക്കും.
@ 10 വയസിന് താഴെയും 65ന് മുകളിലുള്ളവർക്കും പ്രവേശനമില്ല
10 വയസിന് താഴെയും 65ന് മുകളിലുള്ളവർക്കും അടവിയിൽ പ്രവേശനമില്ല. 65ന് മുകളിലുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തിൽ അനുവദിക്കില്ല. നിശ്ചിത എണ്ണം സന്ദർശകരെ മാത്രമേ ഓരോ മണിക്കൂറിലും അനുവദിക്കുകയുള്ളൂ. ഇതിനായി സന്ദർശകർ 6282301756 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ 9446426775 എന്ന നമ്പരിലോ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്ത് അനുവദിച്ച സമയത്ത് മാത്രം പ്രവേശിക്കണം.
@ കുട്ടവഞ്ചിയിൽ 2 പേർ
ടിക്കറ്റ് കൗണ്ടറിന് മുമ്പിൽ ക്യൂ അനുവദിക്കില്ല. ഒന്നിലധികം ആൾക്കാർ ഒരേ സമയം വരുന്ന പക്ഷം മാർക്ക് ചെയ്ത സ്ഥലത്തുമാത്രം നിന്ന് ശാരീരിക അകലം പാലിക്കണം. കുട്ടവഞ്ചികളിൽ നിരക്ക് വർദ്ധനയില്ല. എന്നാൽ നിലവിലുള്ള നിരക്കിൽ ശാരീരിക അകലം പാലിച്ച് രണ്ട് പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മ്യൂസിയത്തിൽ ഒരേ സമയം 10ൽ കൂടുതൽ ആളുകൾക്ക് പ്രവേശനമില്ല. ഇക്കോഷോപ്പിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. ഇവിടെ പ്രവേശിക്കുന്നവർ ശാരീരിക അകലം പാലിക്കണം. മുളംകുടിലുകളിൽ താമസം അനുവദനീയമല്ല. നിള ക്യാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.
'' നിർദേശങ്ങളും നിബന്ധനകളും ലംഘിക്കുന്നവർക്കെതിരെ
നിയമനടപടി സ്വീകരിക്കും.
കെ.എൻ.ശ്യാം മോഹൻലാൽ, ഡി.എഫ്.ഒ.