പത്തനംതിട്ട : ഫോറസ്റ്റ് , തടി വെട്ടി കയറ്റ്, ക്വാറി മേഖലയിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്കായി കൊവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി)ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് തീർത്തും ജോലി ഇല്ലാതെ കഴിയുകയാണ് ഇവർ. മിക്കവരും പ്രായം ഉള്ളവർ ആയതിനാൽ ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. തൊഴിൽ വകുപ്പ് ലേബർ കാർഡ് നൽകിയെങ്കിലും പ്രയോജനമില്ല. മൂന്ന് വർഷം കൂടുമ്പോൾ പുതുക്കേണ്ട ലേബർ കാർഡ് 30 വർഷം ആയിട്ടും പുതുക്കാത്തതിനാൽ കാലാകാലങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് നിലവിലെ അവസ്ഥയിൽ ലഭിക്കുന്നില്ല.കൊവിഡ് കാലത്ത് തൊഴിൽ ലഭിക്കാത്തത് മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പ്രസിഡന്റ് കൊടുമൺ ജി.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ പി.മോഹൻ രാജ്,ആർ.സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ,സജി കെ.സൈമൺ,ടി.സി.തോമസ്, വർക്കി ഉമ്മൻ,അഖിലേഷ് എസ്.കാര്യാട്ട് ,എ.ജി. ആനന്ദൻ പിള്ള ,ഗ്രേസി തോമസ്,സി.പി. ജോസഫ്,അനിഷ് ഗോപിനാഥ് ,ടി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.