adoor

അടൂർ : ചിറ്റാറിലെ കർഷകൻ പി.പി. മത്തായിയുടെ മരണത്തിന് കാരണക്കാരായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടിടത്ത് പ്രതിഷേധം. എട്ട് നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു. ഏഴംകുളത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും അടൂരിൽ പ്രതിപക്ഷ മുനിസിപ്പൽ കൗൺസിലർമാരും മന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഏഴംകുളത്ത് കരിങ്കൊടിയുമായി പ്രതിഷേധം അരങ്ങേറിയത്. ഇവിടെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിവീശി. അടൂരിൽ നിന്ന് ഏനാദിമംഗലത്തെ പൊതുപരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയാണ് മന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിച്ചത്. വിവിധയിടങ്ങളിൽ പ്രതിഷേധം ഉണ്ടകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അടൂർ, ഏനാത്ത് സി.ഐ മാരുടെ നിയന്ത്രണത്തിൽ വൻപൊലീസ് സന്നാഹത്തോടെയായിരുന്നു യാത്ര. കടത്തിണ്ണകളിൽ പലയിടത്തായി നിലയുറപ്പിച്ചിരുന്ന പത്തോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൈലറ്റ് ജീപ്പ് പോയതിന് ശേഷമാണ് മന്ത്രിയുടെ ഒൗദ്യോഗിക വാഹനത്തിന് മുന്നിലേക്ക് ചാടി കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്. ഇതോടെ പൊലീസ് ലാത്തിവീശുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജി. മനോജ്, അലക്സ് കോയിപ്പുറത്ത്, ജിതിൻ ടി.നൈനാൻ, അനൂപ് ചേനവിളയിൽ, എ.എം.പി. ഹസ്സൻ, ലക്ഷ്മി അശോക്, അനന്തു ബാലൻ , ഏനാദിമംഗലം മണ്ഡലം പ്രസിഡന്റ് അജീഷ് ചായലോട് എന്നിവരാണ് പ്രതിഷേധിച്ചത്.

ഏനാദിമംഗലത്തെ പരിപാടി കഴിഞ്ഞ് നഗരസഭ നിർമ്മിച്ച വെറ്ററിനറി പോളിക്ളീനിക്കിന്റെ ഉദ്ഘാനം നടത്തുന്നതിനായി എത്തിയ മന്ത്രിക്ക് നേരേ നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. അതീവരഹസ്യമായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ നീക്കം. മന്ത്രി എത്തുന്നതിന് 5 മിനിട്ട് മുൻപ് കൗൺസിലർമാരായ ഉമ്മൻതോമസ്, അഡ്വ. ബിജു വർഗീസ്, എസ്. ബിനു, എം. അലാവുദ്ദീൻ, ഗോപു കരുവാറ്റ, അന്നമ്മ ഏബ്രഹാം, റീനശാമുവൽ, സൂസി ജോസഫ് എന്നിവർ പ്ളക്കാർഡുമായി നിരന്നു. ഇവരെ അറസ്റ്റു ചെയ്തു ജീപ്പിൽ കയറ്റിയപ്പോഴേക്കും മന്ത്രിയുമായുള്ള വാഹനവ്യൂഹവും എത്തി. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.