കോന്നി : ഒരു കുടുംബത്തിലെ നാലുപേർക്ക് കൂടി വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രമാടത്ത് കടുത്ത ആശങ്ക. പ്രമാടം പൂങ്കാവ് സൊസൈറ്റിക്ക് സമീപമുള്ള വീട്ടിലെ ഗൃഹനാഥനും ഇദ്ദേഹത്തിന്റെ പ്രായമായ മാതാവിനും ഭാര്യയ്ക്കും മകനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മകൻ കോന്നി താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് വോളണ്ടിയറായി ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ ആശുപത്രിയിലും ആശങ്ക ഉയർന്നിട്ടുണ്ട്. മകനുമായി ആശുപത്രിയിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഹെൽത്ത് വോളണ്ടിയറായ മകനിൽ നിന്നാകാം രോഗം പടർന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പ്രമാടം മഹാദേവർക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തിരുന്നു. പൂങ്കാവ് ലക്ഷംവീട് കോളനിയിലെ പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്നുപേർക്കും കഴിഞ്ഞ ദിവസം രോഗം ഉറപ്പിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പ്രമാടത്ത് ഒരു കുടുംബത്തിലെ നിരവധി ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം മുന്നിൽക്കണ്ട് ഇന്നലെ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ വകുപ്പ് ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ പരിശോധനാഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും. വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറു പേർക്കായിരുന്നു പരിശോധന. പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.