തിരുവല്ല: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി ഇരവിപേരൂർ പഞ്ചായത്ത് ഏറ്റെടുത്ത കോട്ടയ്ക്കാട് മെഡി കെയർ ആശുപത്രിയിൽ നിന്ന് ഉടമയുടെ അനുമതി ഇല്ലാതെ ആശുപത്രി ഉപകരണങ്ങൾ കടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ രാജീവ്, കൊവിഡ് സെന്ററിന്റെ ചുമതലയുള്ള ഡോ.ശ്രീകാന്ത്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി വിട്ടു നൽകിയ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും കിടക്കകളും ഫർണിച്ചറുകളും ആശുപത്രി വാർഡിന്റെയും സ്റ്റോർ റൂമിന്റെയും വാതിൽ പൊളിച്ച് കഴിഞ്ഞ 19 ന് കടത്തിക്കൊണ്ടു പോയെന്ന് കാട്ടി ഉടമ തോമസ് മാത്യു കോട്ടയ്ക്കാട്ട് തിരുവല്ല സി..ഐയ്ക്ക് നേരത്തെ പരാതി നൽകിയിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. തുടർന്ന് കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കേസെടുത്തത്..