തിരുവല്ല: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവല്ല നഗരത്തിലെ പ്രമുഖ ജൂവലറി താൽക്കാലികമായി അടച്ചു. ജൂവലറിയിയിലെ സെയിൽസ് ഗേളായ പെരുംതുരുത്തി സ്വദേശിനിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജൂവലറി താൽക്കാലികമായി അടച്ചത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരിക്കൊപ്പം അതേ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഏഴ് പേർ നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. അണുനശീകരണം നടത്തിയശേഷം അടുത്തദിവസം ജൂവലറി തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകി. പുളിക്കീഴ് ബ്ലോക്ക് പരിധിയിലും നഗരസഭയിലുമായി ഇന്നലെ ആറുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കടപ്രയിൽ മൂന്ന് പേർക്കും കുറ്റൂർ, നെടുമ്പ്രം, കുറ്റപ്പുഴ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവുമാണ് രോഗം . ഇന്നലെ രോഗം സ്ഥിരീകരിച്ച ആറുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. വ്യാഴാഴ്ച്ച 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആറുപേരെയും ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റിയതായി നോഡൽ മെഡിക്കൽ ഒഫീസർ ഡോ. മാമ്മൻ പി. ചെറിയാൻ അറിയിച്ചു.