arrest

അടൂർ: നഗരത്തിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ പിടിച്ചുപറിക്കേസിലെ പ്രതികളെ അടൂർ പൊലീസ് ലോഡ്ജ് വളഞ്ഞ് ഓടിച്ചിട്ട് പിടികൂടി. എറണാകുളം ടൗൺനോർത്ത് പൊലീസ് സ്റ്റേഷനിലെ കേസിൽ പ്രതികളായ പെരിങ്ങനാട് പാറക്കൂട്ടം അംബേദ്കർ ഭവനിൽ അനൂപ് (30), തിരുവനന്തപുരം നെയ്യാറ്റിൻകര വിഴിഞ്ഞം മുക്കോല ജംഗ്ഷന് സമീപം ചെക്കിട്ട വിളാകംമേലേതിൽ വിളയിൽ മുഹമ്മദ് യൂസഫ് (24), തൃശൂർ മുകുന്ദപുരം താലൂക്കിൽ കല്ലൂർ തയ്യിൽവീട്ടിൽ അനൂപ് (33) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കരുവാറ്റാ സ്വദേശി ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ എറണാകുളം നോർത്ത് പൊലീസിന് കൈമാറി. ഇന്നലെ രാവിലെ പത്തിനാണ് പൊലീസ് ലോഡ്ജ് വളഞ്ഞത്. കാറിൽ കയറി രക്ഷപ്പെടാൻ സംഘം ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞതോടെ കാറിൽ നിന്നിറങ്ങിയ ഇവർ ഒാടി. പിന്തുടർന്ന പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കാറിൽ നിന്ന് വാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തി. വാഹനവും ആയുധങ്ങളും എറണാകുളം ടൗൺ നോർത്ത് പൊലീസിന് കൈമാറി. ഇവർ രണ്ട് ദിവസമായി അടൂരിലെ ലോഡ്ജിൽ താമസിക്കുകയാ യിരുന്നു. നിരവധി കേസുകളിൽ പ്രതികളാണ്. അടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ യു.ബിജു, എസ്. ഐമാരായ സുനിൽ രാജ്, രാജേന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ റോബി എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്..