ഓമല്ലൂർ: എല്ലായിടങ്ങളിലും വെള്ളം എത്തിക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച ജൽ ജീവൻ പദ്ധതി ഓമല്ലൂരിൽ ഇനിയും നടപ്പായില്ല. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പൈപ്പ് ലൈൻ ഇല്ല.വികസിച്ചുകൊണ്ടിരിക്കുന്ന ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിലും അമ്പലം ജംഗ്ഷനിലും പൊതു ടാപ്പ് സ്ഥാപിച്ചിട്ടില്ല.വ്യാപാരികൾ വെള്ളത്തിനായി ആശ്രയിക്കുന്നത് സമീപത്തെ വീടുകളെയാണ്.അമ്പലം ജംഗ്ഷന് അടുത്ത് ഉയർന്ന സ്ഥലത്തുള്ള ഗവ.ആയുർവേദ ആശുപത്രിയിൽ പല തവണ കുടിവെള്ളം മുടങ്ങിയിട്ടുണ്ട്.വേനൽക്കാലത്ത് ടാങ്കറുകളിൽ ഇവിടെ വെള്ളം എത്തിച്ചിട്ടുണ്ട്.മാർക്കറ്റ് ജംഗ്ഷന് സമീപം അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന കോട്ടുരേത്ത് - അരീയ്ക്കലേത്ത് ഭാഗത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാണ്.ജൽജീവൻ പദ്ധതി നടപ്പാക്കുന്നതിലൂടെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.ജില്ലയിലെ മികച്ച പമ്പ് ഹൗസുകളിലൊന്നാണ് കൈപ്പട്ടൂരിലേത്.ഇവിടെ നിന്ന് പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും വെള്ളം പൈപ്പ് ലൈൻ വഴി എത്തിക്കാനാകും.കേന്ദ്രസർക്കാരിന്റെ സബ്സിഡി ലഭിക്കുന്ന പദ്ധതി പല പഞ്ചായത്തുകളിലും നടപ്പാക്കിയിട്ടുണ്ട്.
ജൽജീവൻ പദ്ധതി
പദ്ധതി നടപ്പാക്കണമെന്ന് ഗ്രാമസംരക്ഷണ സമിതി
ഓമല്ലൂർ പഞ്ചായത്തിൽ വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജൽജീവൻ പദ്ധതി നടപ്പാണമെന്ന് ഗ്രാമസംരക്ഷണ സമിതി ആവശ്യപ്പെട്ടു.പ്രസിഡന്റ് രവീന്ദ്രവർമ്മ അംബാനിലയം അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മനു ആറ്റരികം, ശ്രീകുമാർ,ജയകുമാർ പേഴുംമൂട്ടിൽ എന്നിവർ സംസാരിച്ചു.
ഗുണഭോക്തൃ പട്ടികയായെന്ന് പഞ്ചായത്ത്
ജൽജീവൻ പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിൽ ഗുണഭോക്തൃ പട്ടിക തയാറാക്കി
ഗീതാ വിജയൻ
(പ്രസിഡന്റ്)
-വിവിധ വാർഡുകളിൽ നിന്ന് 80 പേർ ഗുണഭോക്ത്യ പട്ടികയിലുണ്ട്
-ജല അതോറിറ്റിയുമായി രണ്ട് ലക്ഷം കാരാറായി