തണ്ണിത്തോട്: 105 എന്നാൽ മൂന്നക്കങ്ങളല്ല, മലയോരത്തെ റബർ കൃഷി വിപ്ലവത്തിന്റെ ചുരുക്കെഴുത്തായി മാറുകയാണ്. വിലയിടിവു മൂലം പ്രതിസന്ധിയിലായ റബർ കർഷകർക്ക് 105 എന്ന സങ്കരയിനം റബറിലൂടെ ശുഭകരമായ അനുഭവമാണ് ഉണ്ടാകുന്നത്. അവർത്തന കൃഷിയിലൂടെ പുതിയ റബ്ബർതൈകൾ വച്ച് പിടിപ്പിക്കുന്ന തോട്ടങ്ങളിൽ 105 തന്നെയാണ് കേമൻ. ടി.ജെ.ഐ.ആർ.1 എന്ന ഇന്ത്യോനേഷ്യൻ ഇനവും ജി.എൽ 1 എന്ന മലേഷ്യൻ ഇനവും കൂടി സംയോജിപ്പിച്ച് വേർതിരിച്ച ക്ലോണാണ് 105. ഉത്പ്പാദനക്ഷമതയാവട്ടെ ഒരു ഹെക്ടറിൽ ഒരു വർഷം 3000 കിലോഗ്രാമിലധികവും. ഇല കൊഴിച്ചിൽ രോഗത്തോട് ചെറുത്ത് നിൽക്കാനും ഇൗ ഇനത്തിന് കഴിയുന്നു.
പുതുപ്പള്ളിയിൽ നിന്ന് എത്തിയ അതിഥി
കോട്ടയം പുതുപ്പള്ളിയിലെ റബ്ബർ ഗവേഷണ കേന്ദ്രത്തിന്റെ പരീക്ഷണ തോട്ടത്തിൽ 1964ൽ 100 പരമ്പരയിൽപ്പെട്ട ഏതാനും ഇനങ്ങൾ അവർത്തിച്ച് കൃഷി ചെയ്തു തുടങ്ങിയത് 105 ലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ റബ്ബർ ഗവേഷണ കേന്ദ്രം വൻകിട തോട്ടങ്ങളെയാണ് സമീപിച്ചത്. നഷ്ടം വന്നാലോ എന്ന ആശങ്കയിൽ ചെറുകിട കർഷകരെ പരീക്ഷണകൃഷിയിൽ നിന്ന് റബ്ബർ ബോർഡ് ഒഴിവാക്കി. 105 ന്റെ റബ്ബർ കൃഷിയിൽ ചെറുകിട കർഷകർ ഇരച്ചുകയറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 1980 കളിലും 90 കളിലും റബ്ബർ കർഷകരുടെ ഇടയിൽ തുടർച്ചയായി നല്ല വിളവു തരുന്ന 105 ന്റെ പ്രചാരം പതിൻമടങ്ങായി വർദ്ധിച്ചു. ഇന്ത്യയിൽ മാത്രമല്ല തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ കർഷകരുടെ ഇടയിലും പ്രചാരം വർദ്ധിച്ചു. റബ്ബർ ബോർഡ് പുതുതായി വികസിപ്പിച്ചെടുത്ത 400 പരമ്പരയിലെ ഇനങ്ങൾ പലതും നഴ്സറികളിൽ ലഭ്യമാണെങ്കിലും മലയോരത്തെ തൊണ്ണൂറ് ശതമാനം കർഷകർക്കും ഇന്ന് 105 ആണ് പ്രിയം.