photo
കെ.യു. ജനീഷ് കുമാർ എം.എൽ.എ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാല സന്ദർശിക്കുന്നു.

കോന്നി: ഗവ.മെഡിക്കൽ കോളേജിലെ ശുദ്ധജല വിതരണ പദ്ധതിയു

ടെ നിർമ്മാണം ഒരാഴ്ചയ്ക്കകം പൂർത്തിയാകും. അഞ്ച് ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയുടെ നിർമ്മാണമാണ് പൂർത്തിയാകുന്നത്.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ശുദ്ധീകരണശാല സ്ഥാപിച്ചിരിക്കുന്നത്.

ഐരവൺ മട്ടത്തു കടവിൽ നിർമ്മിച്ചിട്ടുള്ള 6 മീ​റ്റർ വ്യാസമുള്ള കിണറിൽ നിന്നാണ് മെഡിക്കൽ കോളേജിലേക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഇവിടെ നിന്ന് പമ്പ് ചെയ്യുന്ന ജലം 300 എം.എം. ഡി.ഐ.പൈപ്പ് വഴി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിട്ടുള്ള 5 ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിക്കും. പമ്പ് ഹൗസിൽ നിന്ന് 4.52 കിലോമീ​റ്റർ ദൂരമാണ് ശുദ്ധീകരണശാലയിലേക്കുള്ളത്.

സംഭവരണ ശേഷി ഏഴ് ലക്ഷം ലിറ്റർ വെള്ളം
ശുദ്ധീകരണ പ്രക്രിയ പൂർത്തീകരിക്കുന്ന ജലം ഏഴ് ലക്ഷം ലി​റ്റർ ശേഷിയുള്ള ഭൂതലസംഭരണിയിൽ ശേഖരിക്കും. അവിടെ നിന്ന് 15 എച്ച്.പി മോട്ടർ ഉപയോഗിച്ച് മുകളിലുള്ള 10 ലക്ഷം ലി​റ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിക്കും.ഈ ജലസംഭരണിയിൽ നിന്നുമാണ് 350 മീ​റ്റർ ദൂരത്തിലുള്ള മെഡിക്കൽ കോളേജിന്റെ ഉപരിതല ജലസംഭരണിയിലേക്ക് 200 എം.എം ഡി.ഐ.പൈപ്പ് ഉപയോഗിച്ച് ജലം എത്തിക്കുന്നത്. 500 ബെഡുള്ള ആശുപത്രിയ്ക്കും 500 വിദ്യാർത്ഥികൾക്കും സ്​റ്റാഫിനും, ഹോസ്​റ്റൽ ആവശ്യത്തിനുമുള്ള ജലം യഥേഷ്ടം ഈ പദ്ധതിയിൽ നിന്ന് ലഭ്യമാകും.

3.99 കോടിയുടെ പദ്ധതി
കിണർ, പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ എന്നിവയുടെ നിർമ്മാണത്തിന് 3.99 കോടി രൂപയ്ക്കാണ് കരാർ നല്കിയിരുന്നത്. ശുദ്ധീകരണശാല, സംഭരണികൾ എന്നിവയ്ക്ക് 5.88 കോടിയുടെയും, ബിൽഡിംഗ്, മോട്ടോർ ,ട്രാൻസ്‌ഫോർമർ എന്നിവയ്ക്ക് 1.158 കോടിയുടെയും, വിതരണ പൈപ്പിന് 14 ലക്ഷം രൂപയുടെയും, വൈദ്യുതീകരണത്തിന് 86.25 ലക്ഷത്തിന്റെയും കരാറായിരുന്നു നല്കിയിരുന്നത്. ഇതനുസരിച്ചുള്ള നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്.

5000 കുടുംബങ്ങൾക്കും പ്രയോജനം

മെഡിക്കൽ കോളേജ് ശുദ്ധജല പദ്ധതിയിൽ നിന്ന് മെഡിക്കൽ കോളേജിനു ജലം ലഭ്യമാക്കുന്നതോടൊപ്പം അരുവാപ്പുലം പഞ്ചായത്തിലെ 1, 2,14,15 വാർഡുകളിലും ജല വിതരണം നടത്താനാകും.നാലു വാർഡുകളിലെ 5000 കടുംബങ്ങൾക്കാണ് ജലം നല്കുന്നത്. ഇതിനായുള്ള വിതരണ പൈപ്പ് ലൈൻ രണ്ടാം ഘട്ടമായി സ്ഥാപിക്കും.

നബാർഡിൽ നിന്ന് ലഭ്യമായ 1398 ലക്ഷം രൂപ ഉപയോഗിച്ചാണ്

ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.

കൊവിഡിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ നിർമ്മാണത്തിൽ ചില പ്രതിസന്ധി ഉണ്ടായെങ്കിലും കൃത്യമായി ഇടപെട്ട് അത് പരിഹരിക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളേജിന്റെ ജലലഭ്യത ഉദ്ഘാടനത്തിന് മുമ്പ് ഉറപ്പാക്കും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ

ട്രയൽ റണ്ണിനിടെ പൈപ്പ് പൊട്ടി

കോന്നി: ഗവ. മെഡിക്കൽ കോളേജ് ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ ട്രയൽ റണ്ണിനിടെ പൊട്ടി. വട്ടമൺ ശ്രീരാജ് ഭവനിൽ രാജമണിയുടെ വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇദ്ദേഹത്തിന്റെ വസ്തുവിലെ മണ്ണ് ഒലിച്ചുപോവുകയും കുഴി രൂപപ്പെടുകയും ചെയ്തു. 300 എം.എം. ഡി.ഐ പൈപ്പാണ് പൊട്ടിയത്.
രാജമണിയുടെ വീട്ടിലേക്ക് മണ്ണും വെള്ളവും കയറുകയായിരുന്നു. കമ്പ്യൂട്ടറിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവ സ്ഥലം .കെ.യു.ജനീഷ് കുമാർ എം.എൽ.എയും, വാട്ടർ അതോറി​റ്റി ഉദ്യോഗസ്ഥരും സന്ദർശിച്ചു.