പത്തനംതിട്ട: പൊന്നോണത്തിന്റെ വരവ് അറിയിച്ച് വർണത്തിളക്കങ്ങളുമായി വിപണി വിളിക്കുന്നുവെങ്കിലും എങ്ങും കൊവിഡ് പരത്തിയ മൗനമാണ്. നിരത്തുകളിൽ ആളനക്കം കുറവ്. വാഹനങ്ങൾ നിറഞ്ഞൊഴുകുന്ന കാഴ്ചകളില്ല.
ഒാണക്കച്ചവടം പ്രതീക്ഷിച്ച വ്യാപാരികൾ നിരാശയിലാണ്. ഒാണം ഒാഫറുകൾ പ്രഖ്യാപിച്ച വസ്ത്ര, സ്വർണ വ്യാപാരശാലകളിലാണ് തിരക്കുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കടകളിലേക്ക് കയറ്റി വിടുന്നത്. പൊലീസിന്റെ വിലക്ക് കാരണം ഫുട്പാത്ത് കച്ചവടം കുറഞ്ഞു. എന്നാൽ ഉപ്പേരി വിപണി ഉഷാറായി.
കുമ്പഴ സ്വദേശി സതി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ എല്ലാ ഒാണത്തിനും വഴിയോര കച്ചവടത്തിന് എത്താറുണ്ട്. ഇത്തവണ ആദ്യമാണ് കച്ചവടമില്ലാത്ത ഒാണം. കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളാണ് വിൽക്കുന്നത്. '' നാല് മണിക്കൂറായി ഇരിക്കുന്നു. ആകെ വിറ്റു പോയത് രണ്ട് കുട്ടിയുടുപ്പുകൾ. ഇത്തവണ വലിയ നഷ്ടമാണ്. കഴിഞ്ഞ വർഷം വരെയും ദിവസം അഞ്ഞൂറ് രൂപയെങ്കിലും ലാഭം കിട്ടുമായിരുന്നു.'' സതി നിരാശയോടെ പറഞ്ഞു.
ചുട്ടിപ്പാറ സ്വദേശി ഷെരീഫ് നിർമാണം നടക്കുന്ന കെ.എസ്.ആർ.ടി.സി ടെർമിനലിനോടു ചേർന്ന ഫുട്പാത്തിൽ എട്ടുവർഷമായി ചെരിപ്പ് കച്ചവടം നടത്തുന്നയാളാണ്. എല്ലാ ഒാണത്തിനും പോക്കറ്റ് നിറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നര വരെയും കൈനീട്ടം വിറ്റില്ല. ഇനി ഇരുന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ചെരുപ്പുകളെല്ലാം ചാക്കിലാക്കി മടങ്ങി.
ആളുകൾ നിറഞ്ഞ് നടന്നിരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്റ്റുകൾ മൂകമാണ്. രണ്ട് സ്റ്റാൻഡുകളിലമായി ബസ് കാത്ത് നിൽക്കുന്നത് പത്തിൽ താഴെ ആളുകൾ. ഒാണ കച്ചവടം ലക്ഷ്യമാക്കി കടകളിൽ ഇറക്കി വച്ച പന്തുകളും കളിപ്പാട്ടങ്ങളും പാത്രങ്ങളുമൊക്കെ കാറ്റിൽ തൂങ്ങിയാടുന്നു. എത്തി നോക്കാൻ പോലും ആളില്ല.
നാവിൽ വെള്ളമൂറുന്ന ഉപ്പേരിമണമാണ് ഗാന്ധി സ്ക്വയറിന് മുന്നിൽ. വാങ്ങാൻ ആളുകൾ കുറവ്. ഇന്നും നാളെയുമൊക്കെയായി ഉപ്പേരി തേടി ആളുകളെത്തുമെന്ന പ്രതീക്ഷയിൽ വറവ് മൂക്കുകയാണ്. ഒരു കിലോ വാഴയ്ക്ക ഉപ്പേരിക്ക് 320 രൂപയാണ് ഇന്നലത്തെ വില. ഇനി കൂടുകയേ ഉള്ളൂവെന്ന് കച്ചവടക്കാർ പറയുമ്പോൾ കൊവിഡ് തളർത്തിയ കുടുംബ ബഡ്ജറ്റുകൾക്ക് ഇത് എങ്ങനെ താങ്ങാൻ പറ്റുമെന്ന് അറിയില്ല. വയനാടൻ കായയുടെ വരവ് കൂടിയിട്ടുണ്ട്.
കൊവിഡ് ഉയർത്തിയ പ്രതിസന്ധിക്കിടയിലും ഒാണം ഉഷാറാക്കാൻ പത്തനംതിട്ട മാർക്കറ്റ് സജീവമായി. വലിയ തിരക്കില്ലെങ്കിലും ഏത്തക്കായയും മറ്റും വാങ്ങാൻ ആളുകളെത്തുന്നു. വരുന്ന ആഴ്ചകളിൽ തിരക്കേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
നഗരത്തിലെ ഒാട്ടോറിക്ഷക്കാർ പ്രതിസന്ധിയിലാണ്. ഒാണത്തിന് കിട്ടേണ്ട ഒാട്ടങ്ങൾ ഒന്നുമില്ല. ബസ് കുറവായതുകാരണം യാത്രക്കാരുടെ വരവ് കുറഞ്ഞതാണ് കാരണമെന്ന് ഡ്രൈവർമാർ പറയുന്നു. ഉൾപ്രദേശങ്ങളിൽ നിന്ന് ഒാട്ടോറിക്ഷ പിടിച്ച് ടൗണുകളിലെത്തുന്നവർ സാധനങ്ങൾ വാങ്ങി അതിൽ തന്നെ മടങ്ങുന്നു.
പൂക്കാലം ഇല്ലാതെ പൂവിപണി
പത്തനംതിട്ട : മുല്ലപ്പൂവിന് കിലോയ്ക്ക് 1000 രൂപയായിരുന്നു ഇന്നലെ വില. ഒരു മുഴത്തിന് 50 രൂപ മുതൽ. അത്തവും വിനായക ചതുർത്ഥിയും കൂടി ആയപ്പോൾ എല്ലാ പൂക്കൾക്കും വില കൂടി. കൊവിഡ് പ്രതിസന്ധിയിലും മുല്ലപ്പൂവിന്റെ വില ഉയർന്നത് ലഭ്യതക്കുറവ് കാരണമാണ്. കയറ്റുമതി ഇറക്കുമതിയsക്കമുള്ളവയ്ക്ക് ആളുകൾ കുറവായതും ചെക്ക് പോസ്റ്റുകളിലെ പരിശോധനയുമെല്ലാം പൂക്കളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. വില കൂടിയെങ്കിലും വാങ്ങാൻ വലിയ തിരക്കില്ല. കൊവിഡ് കാരണം പുറത്തുനിന്ന് പൂക്കൾ എത്തുന്നില്ല. എത്തുന്ന പൂക്കൾ വാങ്ങാനും ആളില്ല. കൂടുതൽ വിവാഹം നടക്കുന്ന മാസമായിട്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതിനാൽ വളരെ കുറവ് പൂക്കൾ മാത്രമേ ആവശ്യമായി വരുന്നുള്ളു. എല്ലാ ചടങ്ങുകൾക്കും മോടി കുറഞ്ഞു. കൊവിഡ് സാദ്ധ്യത കണക്കിലെടുത്ത് ഇത്തവണ അത്തപൂക്കളത്തിനും മങ്ങലേറ്റു. പുറത്തു നിന്ന് വരുന്ന പൂവ് വാങ്ങി പൂക്കളം ഒരുക്കരുതെന്നാണ് നിർദേശം. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വിവിധ വർണ്ണ പൂക്കളാണ് അത്തപൂക്കളത്തിന് പ്രധാനമായും ഉപയോഗിക്കുന്നത് . പലരും വീട്ടു മുറ്റത്തെ പൂക്കൾ ഉപയോഗിച്ച് അത്തപൂക്കളം ഒരുക്കുകയാണ്. ഇത്തവണ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയതും പൂവ് വിപണിയെ ബാധിച്ചു.
വിവിധ പൂക്കളുടെ വില (ഒരു കിലോയ്ക്ക് )
മുല്ല 950- 1000 രൂപ. അരളി - 260, ബന്തി - 150, വാടാമുല്ല - 200, ജമന്തി - 150, ട്യൂബ് റോസ് - 550, റോസ് - 350