കോന്നി: ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കുന്നതിനുള്ള തീയതി ഈ മാസം 25ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ തീരുമാനമാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു നിർമ്മാണപുരോഗതി വിലയിരുത്താൻ ചേർന്ന യോഗശേഷമാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയായി വരികയാണ്.ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കത്തക്ക നിലയിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ഫർണിച്ചറുകൾ സിഡ്‌കോയിൽ നിന്ന് ഉടൻ എത്തും. മറ്റ് ഉപകരണങ്ങൾ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് വാങ്ങി എത്തിക്കുന്നത്.റോഡിന്റെ അറ്റകുറ്റപ്പണിണികൾ ഉടൻ പൂർത്തിയാകുമെന്ന് എം.എൽ.എ പറഞ്ഞു.
മെഡിക്കൽ കോളേജിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്താനും യോഗത്തിൽ തീരുമാനമായി. 25, 26 തീയതികളിലായി ഇതിന് സംവിധാനമൊരുക്കാൻ ഡി.എം.ഒയ്ക്ക് കത്ത് നല്കും. സൂപ്രണ്ട് ഡോ. സജിത്കുമാർ, മെഡിക്കൽ കോളേജ് ജീവനക്കാർ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.