അടൂർ : കൊടുമൺ പൊലീസ് സ്റ്റേഷനിൽ ഇന്ന് ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായി. ആദ്യം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻവഴിയുള്ള സമ്പർക്കമാകാം ഇതെന്നാണ് അനുമാനം. അടൂർ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിലേത് ഉൾപ്പെടെ നാല് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 13 പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു. പ്രാഥമിക സമ്പർക്കത്തിലുൾപ്പെട്ടവർ കൂടുതലണ്ടെങ്കിലും പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ പേരെ സ്വയനിരീക്ഷണത്തിൽ അയച്ചില്ല.ഇന്നലെ അടൂരിലും പരിസര പ്രദേശങ്ങളിലും ഭയാനകമാംവിധം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്നലെ മാത്രം 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മേലൂടുള്ള ഒരു കുടുംബത്തിലെ പെൺകുട്ടിയും പ്രായമായ രണ്ടുപേരും ഉൾപ്പെടെ നാലു പേരുണ്ട്. തെങ്ങുംതാരയിൽ വ്യാപാരസ്ഥാനം നടത്തുന്ന ഈ കുടുംബത്തിലെ ഒരാൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.ഇതിന് പുറമേ ഇതേ സ്ഥാപനത്തിൽ നിന്നും സാധനം വാങ്ങിയ ഒരു എക്സ്സർവീസുകാരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ഒരാളിന്റെ പിതാവിനും ഇന്നലെ മേലൂട് മേഖലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.

മത്സ്യ വ്യാപാരികളെ നിയന്ത്രിക്കാനാകുന്നില്ല

പഴകുളം സ്വദേശിയായ മത്സ്യ വ്യാപാരി, 28 വയസുള്ള യുവതിക്കും രോഗം സ്ഥിരീകരിച്ചു.യുവതിയുടേയും ഇളംപള്ളിക്കലിൽ രോഗം ബാധിച്ച ആളിന്റേയും ഉറവിടം ലഭ്യമല്ല. പള്ളിക്കൽ പഞ്ചായത്തിൽ രണ്ട് പട്ടാളക്കാരും ഇതിൽ ഉൾപ്പെടും. കണ്ണംകോട് ക്ളസ്റ്ററിൽ ഇന്നലെ രണ്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.ഏറത്ത് പഞ്ചായത്ത് 2-ാം വാർഡിലെ ഒരു ആശാവർക്കർ,പറക്കോട്ടെ മത്സ്യവ്യാപാരി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ മത്സ്യവ്യാപാരിയുടേയും ഉറവിടം കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് നിരവധിപ്പേരുമായി പ്രാഥമിക സമ്പർക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വീടുകൾതോറും മത്സ്യം വിൽപ്പന നടത്തുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും എവിടെ തിരിഞ്ഞാലും മത്സ്യവ്യാപാരികളെ നിയന്ത്രിക്കാൻ ഇതുവരെയായിട്ടില്ല.