raju
അടൂരിൽ വെറ്ററിനറി പോളി ക്ലിനിക്കിന്റെ പുതിയ കെട്ടിടം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച അടൂർ വെറ്ററിനറി പോളി ക്ലിനിക് കെട്ടിടം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും സേവനം ലഭിക്കുന്ന പോളി ക്ലിനിക്ക് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല ക്ഷീര കർഷകനായ യശോധരനെ മന്ത്രി ആദരിച്ചു. ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സിന്ധു തുളസീധരകുറുപ്പ് നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.സി.മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.തോമസ് ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു. വെറ്ററിനറി പോളിക്ലിനിക്ക് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് കൊണ്ടിരുന്നത്. 1979 ജൂൺ 18നാണ് വെറ്ററിനറി പോളി ക്ലീനിക്കായി ഉയർത്തിയത്. ആറാം വാർഡിൽ കൃഷിഭവന്റെയും നിർദിഷ്ട സ്റ്റേഡിയത്തിന്റെയും സമീപത്തായി നഗരസഭ അനുവദിച്ച സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പ് 90 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടെ കെട്ടിടം നിർമ്മിച്ചത്. പൊതുമരാമത്ത് അടൂർ ബിൽഡിംഗ് ഡിവിഷനാണ് പണിയുടെ മേൽനോട്ടം വഹിച്ചത്. സീനിയർ വെറ്ററിനറി സർജൻ ഡോ. സ്വപ്ന എസ്.പോൾ, വെറ്ററിനറി സർജൻ ഡോ. എസ്.സായിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോളി ക്ലിനിക്ക് പ്രവർത്തിക്കുന്നത്.