ചെങ്ങന്നൂർ:സഹ പ്രവർത്തകനു വീട് വെയ്ക്കാൻ ജീവനക്കാരുടെ കൂട്ടായ്മ ഒത്തുകൂടി. കെ.എസ്.ആർ.ടി.സിയിലെ സി.ഐ.ടി.യു സംഘടനയിൽ പെട്ട കെ.എസ്. ആർ.ടി എംപ്‌ളോയീസ് അസോസിയേഷൻ പ്രവർത്തകരാണ് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹ പ്രവർത്തകർക്ക് ഭവനം നിർമ്മിച്ചു നൽകുന്നത്. ഇതിനായി സംസ്ഥാന കമ്മിറ്റി ബാലരാമപുരത്ത് നിന്നും കൈത്തറി മുണ്ടുകൾ എല്ലാ ഡിപ്പോയിലും എത്തിച്ചു. ആലപ്പുഴ ജില്ലയിൽ മാവേലിക്കര റീജിയണൽ വർക്ക്‌ഷോപ്പിലും ഏഴു ഡിപ്പോയിലും ചെങ്ങന്നൂർ യൂണിറ്റ് പ്രവർത്തകരാണ് മുണ്ടുകൾ വിൽപ്പനയ്ക്കായി എത്തിച്ചു നൽകിയത്. മാർക്കറ്റിൽ 700 രൂപയ്ക്ക് കിട്ടുന്ന മുണ്ടുകൾ 400 രൂപയ്ക്കാണ് ഡിപ്പോകളിൽ വിൽക്കുന്നത്. ചെങ്ങന്നൂർ ഡിപ്പോയിൽ 400 മുണ്ടുകളാണ് വിൽപ്പനയ്ക്കായി എത്തിയത്. ഇങ്ങനെ ശേഖരിക്കുന്ന ധനം ബുദ്ധിമുട്ടനുഭവിക്കുന്ന സഹപ്രവർത്തകന്റെ വീട് നിർമ്മാണത്തിനായി വിനിയോഗിക്കും. സംഘടന ഇതിനകം ഒരാൾക്ക് വീട് നിർമ്മിച്ചു നൽകി. മറ്റൊരാളിന്റെ വീടിന്റെ തറക്കല്ലിടീൽ കഴിഞ്ഞു. റാന്നിയിൽ 2018ലെ പ്രളയത്തിൽ വീട് ഒലിച്ചു പോയ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് വീട് നിർമ്മിച്ചു നൽകിയത്.15 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ജോലി നഷ്ടപ്പെട്ട എംപാനൽ ജീവനക്കാരനാണ് രണ്ടാമത്തെ വീട് നിർമ്മിച്ചു നൽകുന്നത്. രണ്ട് വീടുകളുടെയും പണം സഹ പ്രവർത്തകർ സംഭാവന നൽകുകയായിരുന്നു. എന്നാൽ മൂന്നാമത്തെ വീടിന്റെ നിർമ്മാണാവശ്യമുള്ള പണം മുണ്ട് വിറ്റാണ് സ്വരൂപിക്കുന്നത്. ചെങ്ങന്നൂരിൽ സംഘടനാ ഭാരവാഹികളായ പ്രസിഡന്റ് മനോജ്, സെക്രട്ടറി വി. മോഹനകുമാർ, ട്രഷറാർ മുരളീ മോഹൻ എന്നിവർ നേതൃത്വം നൽകുന്നു .