23-iranian
ഇറാനിയൻ പൗരൻ

തിരുവല്ല: മണി എക്സ്‌ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പിന് ശ്രമിച്ച ഇറാനിയൻ പൗരനെ പിടികൂടി. ഒരു വർഷം മുമ്പ് പത്തനംതിട്ടയിലെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തി മുങ്ങിയ സൊഹ്രാബ് ഘോലിപോർ ആണ് വീണ്ടും തട്ടിപ്പിന് ശ്രമിക്കുമ്പോൾ പിടിയിലായത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ അഹല്യ മണി എക്സ്‌ചേഞ്ചിലാണ് തട്ടിപ്പിന് ശ്രമിച്ചത്. 100 യു.എസ്. ഡോളർ മാറി നൽകണം എന്നാവശ്യപ്പെട്ടാണ് വന്നത്. 50 യു.എസ്. ഡോളറും 50 ഡോളറിന്റെ ഇന്ത്യൻ കറൻസിയുമാണ് ആവശ്യപ്പെട്ടത്. ഇതിനിടയിൽ കുറച്ചു പണം ദിർഹമാക്കി ലഭിക്കുമോ എന്നും ചോദിച്ചു. ദിർഹത്തിന്റെ ഒരു കെട്ട് വാങ്ങി ഇയാൾ പരിശോധിക്കാനും തുടങ്ങി. ദിർഹം എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ മാനേജർ ശ്രീരാജും ജീവനക്കാരിയും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിച്ചു. എസ്.ഐ. സലിമിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇയാളുടെ പഴ്സ് പരിശോധിച്ചപ്പോൾ നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഇന്ത്യൻ നോട്ട് കണ്ടു. കൂടാതെ 2820 ഇന്ത്യൻ രൂപയും യുഎസ് ഡോളറും പഴ്സിൽ ഉണ്ടായിരുന്നു.

ഇറാനിയൻ പാസ്‌പോർട്ടും ഇറാനിയൻ ഇന്റർ നാഷണൽ ഡ്രൈവിങ് ലൈസൻസും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ റോ, ഐ.ബി ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തതോടെയാണ് 2018 ജൂലായ് 31 ന് പത്തനംതിട്ട റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ ഉടമയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്തത് ഇയാളാണെന്ന് തെളിഞ്ഞത്. മാർച്ച് നാലിന് ഡൽഹിയിൽ സന്ദർശക വിസയിൽ എത്തിയെന്നാണ് ഇയാൾ പറഞ്ഞത്. അവിടെ നിന്ന് മുംബൈയിലും ബംഗളൂരുവിലും എത്തി. ഇന്നലെ ബംഗളുരുവിൽ നിന്ന് ടാക്സി കാറിൽ തിരുവല്ലയിൽ എത്തിയതാണെന്നും പറഞ്ഞു.