temple

പമ്പയുടെ ഓളപ്പരപ്പിൽ വെള്ളിച്ചില്ല് വിതറി നതോന്നത താളത്തിൽ പാടിത്തുഴഞ്ഞ് ആനന്ദക്കാഴ്ച പകരുന്ന വള്ളംകളി കാണാൻ ഇക്കുറി ഭാഗ്യമില്ല. നാടിന്റെ ഐക്യം ഇഴചേർക്കുന്ന ആറൻമുള ഉതൃട്ടാതി ജലോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുകയാണ്. ആറൻമുള ക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണി വരവും വള്ളസദ്യയും ആചാരവും ചടങ്ങും മാത്രമാക്കി.

ഒരു പള്ളിയോടത്തിൽ 24 തുഴച്ചിൽകാരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണത്തെ ജലോത്സവം സെപ്തംബർ നാലിന് രാവിലെ പത്തിന് നടത്തും. ആറൻമുളയിലെ ഉത്സവമായി ലോകശ്രദ്ധ നേടിയ ജലമേള ഉപേക്ഷിക്കുന്നത് ഇതാദ്യമല്ല. 2018ലെ പ്രളയത്തിൽ പമ്പ ഒഴുക്ക് ശക്തമായി കരകവിഞ്ഞതിനെ തുടർന്ന് ഒരു പള്ളിയോടം ഉപയോഗിച്ച് ആചാരവും ചടങ്ങുമാക്കി ചുരുക്കിയിരുന്നു. അതിനുമുൻപ് പമ്പയിൽ വെള്ളം ഇല്ലാതിരുന്നപ്പോഴും വള്ളംകളി മുടങ്ങിയിട്ടുണ്ട്. അപ്പോഴെല്ലാം പള്ളിയോടങ്ങളെ മിനുക്കി ഒരുക്കി വള്ളംകളിക്ക് തയ്യാറാകുന്നവർ നിരാശരായിട്ടുണ്ട്.

കുഞ്ഞോളങ്ങളിൽ കളിച്ചുല്ലസിച്ചു വരുന്ന അരയന്നങ്ങളെപ്പോലെ പള്ളിയോടങ്ങൾ താളത്തിൽ പൊങ്ങിയും താണും വരുന്ന കാഴ്ച വള്ളംകളി ഒരിക്കൽ കണ്ടിട്ടുള്ളവർക്ക് മറക്കാനാവില്ല. പള്ളിയോടങ്ങളുടെ അലങ്കാരങ്ങൾ പടിഞ്ഞാറൻ വെയിലിൽ വെട്ടിത്തിളങ്ങുന്നതും നൂറോളം തുഴച്ചിലുകാർ വെള്ളമുണ്ടുടുത്ത് തലയിൽ വെള്ളത്തോർത്ത് കെട്ടി ആടിപ്പാടി തുഴയുന്നതും സാഹോദര്യത്തിന്റെയും ഒരുമയുടെയും വലിയ സന്ദേശമാണ് നൽകുന്നത്. വള്ളംകളി കാണാൻ പമ്പയുടെ ഇരുകരകളിലും ജനങ്ങൾ തിങ്ങിനിറയും.

ചരിത്രപ്രസിദ്ധമായ ആറൻമുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. വിഗ്രഹ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് ദൃശ്യവിരുന്നൊരുക്കുന്ന ഈ കലാമേള നടക്കുന്നത്. തൃശൂർ പൂരം പോലെ, ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി പോലെ ലോക വിസ്മയമാണ് ആറൻമുള ഉതൃട്ടാതി ജലമേള. ആചാരവും വിശ്വാസവും മുറുകെപ്പിടിച്ചുള്ളതാണ് ആറൻമുള ജലമേള എന്ന പ്രത്യേകതയുണ്ട്.

ഐതിഹ്യം

പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്ന് ആറൻന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അക്രമകളിൽ നിന്ന് രക്ഷിക്കാൻ കരക്കാർ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും കലാവിരുതും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിൽ ജലമേള സംഘടിപ്പിച്ചിട്ടുള്ളത്. 52 ചുണ്ടൻ വള്ളങ്ങളാണ് വള്ളംകളിയിൽ പങ്കെടുക്കുന്നത്. ഇവയെ പള്ളിയോടങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. മുൻഭാഗമായ അമരച്ചാർത്തും കൊടി ചാമരങ്ങളും നടുവിലെ മുത്തുക്കുടകളും തുഴച്ചിലുകാരുടെ വേഷവും ഒരേ താളത്തിലെ തുഴച്ചിലുമാണ് ജലമേളയെ ആകർഷകമാക്കുന്നത്. വള്ളംകളിക്ക് മുന്നോടിയായി നടക്കുന്ന പള്ളിയോടങ്ങളുടെ ജലഘോഷയാത്ര മറ്റൊരു വിസ്മയക്കാഴ്ചയാണ്. നാലാം നൂറ്റാണ്ടുമുതൽ ആറൻമുള വള്ളംകളി നടന്നുവരുന്നതായാണ് കണക്കാക്കിയിട്ടുള്ളത്.

പള്ളിയോടങ്ങൾ

ആറൻമുളക്കാർ തനത് രൂപത്തിൽ നിർമിക്കുന്ന നീളം കൂടിയ ചുണ്ടൻ വള്ളങ്ങളാണ് പള്ളിയോടങ്ങൾ. ഭഗവാൻ പാർത്ഥസാരഥിയുടെ ചൈതന്യം ഓരോ പള്ളിയോടത്തിലുമുണ്ടെന്നാണ് കരക്കാരുടെ വിശ്വാസം. കടുത്ത വ്രതനിഷ്ഠയോടെ നിർമിക്കുന്ന പള്ളിയോടങ്ങളുടെ ഉളികുത്തൽ മുതൽ നീരണിയൽ വരെ എല്ലാ ചടങ്ങുകളും ആചാരപരമായി ഭഗവാനെ മനസിൽ ധ്യാനിച്ചാണ് നടത്തുന്നത്. മത്സ്യഎണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ള എന്നിവയിട്ട് പള്ളിയോടങ്ങളെ മിനുക്കിയെടുക്കും. വള്ളം ഈടും ബലമുള്ളതും ആകാനും വെള്ളത്തിൽ തെന്നി നീങ്ങാനും ഇത് സഹായിക്കും. ഗ്രാമത്തിലെ ആശാരിമാരുടെ നേതൃത്വത്തിലാണ് പള്ളിയോടങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണികളും നടക്കുന്നത്. ഓരോ കരക്കാർക്കും അവരുടെ പള്ളിയോടങ്ങൾ അഭിമാനത്തിന്റെ പ്രതീകങ്ങളാണ്.

വള്ളസദ്യയും മുടങ്ങി

ഇത്തവണത്തെ വള്ളസദ്യയും കൊവിഡ് മുടക്കി. ഭഗവാന്റെ പിറന്നാളായ അഷ്ടമിരോഹിണി സെപ്തംബർ 10നാണ്. അന്ന് രാവിലെ 11ന് അഷ്ടമി രോഹിണി വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി നടത്തും. തിരഞ്ഞെടുക്കപ്പെട്ട പള്ളിയോടത്തിൽ 24 പേരും ചടങ്ങുകൾക്കായി എട്ട് പേരും ഉൾപ്പെടെ 32 പേരെ ഉൾപ്പെടുത്തിയാണ് നടത്തുന്നത്. 63 ഇനം കറികൾ അടങ്ങുന്ന വിഭവസമൃദ്ധമായ വള്ളസദ്യയും ലോകപ്രശസ്തമാണ്. വഴിപാടുകാർ മുൻകൂട്ടി ബുക്ക് ചെയ്താണ് വള്ളസദ്യ നടത്തുന്നത്.

വള്ളസദ്യ വഴിപാടിനുമുണ്ട് പ്രത്യേകത. വഴിപാട് നടത്തുന്ന ഭക്തൻ രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ ഭഗവാനും പള്ളിയോടത്തിനുമായി രണ്ട് നിറപറകൾ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി പൂജിച്ച് നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി വഴിപാടിൽ പങ്കെടുക്കുന്ന പള്ളിയോടത്തിന് അടുത്തെത്തി ക്ഷേത്രത്തിലേക്ക് യാത്രയാക്കണം. കരക്കാർ പള്ളിയോടത്തിൽ കയറി ആറൻമുളയുടെ തനത് രൂപത്തിൽ വള്ളപ്പാട്ട് പാടി ക്ഷേത്രക്കടവിലെത്തും. തുടർന്ന് വള്ളപ്പാട്ടോടെ കരക്കാർ ക്ഷേത്രത്തിലെത്തി ചടങ്ങുകൾ പൂർത്തിയാക്കി വള്ളസദ്യയ്ക്ക് ഊട്ടുപുരയിലേക്ക് കയറി ഇരിക്കും. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതു വരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും വലിയ ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലായെന്നു പറയാൻ പാടില്ലത്രെ.

വിശ്വാസപരവും ജനകീയവുമായ വള്ളംകളിയ്ക്കും വള്ളസദ്യയ്ക്കുമായി അടുത്ത വർഷം വരെ ഇനി കാത്തിരിക്കണം.