ആറന്മുള: ഒരു പള്ളിയോടത്തിന് ആറന്മുളയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ച സാഹചര്യം കരകളുടെ കൂട്ടായ്മയാക്കാൻ പള്ളിയോട സേവാസംഘം. എല്ലാ പള്ളിയോട കരകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി , അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. നിലയാളും തുഴക്കാരും അമരക്കാരുമായി ആകെ 24 പേർക്കാണ് പള്ളിയോടത്തിൽ കയറുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്. മൂന്ന് ചടങ്ങുകളിലും ഓരോന്നിലും ഓരോ മേഖലയിൽ നിന്നുള്ള എല്ലാ കരക്കാരും പങ്കാളികളാകും. തിരഞ്ഞെടുക്കപ്പെടുന്ന കരകളിലെ 6 പേർക്കാണ് ആ പള്ളിയോടത്തിൽ കയറാൻ കഴിയുന്നത്. ബാക്കി 18 പേർ മറ്റ് കരകളിൽ നിന്നായിരിക്കും. എന്നാൽ ഇത്തരത്തിൽ സന്നദ്ധരായി വരുന്നവരുടെ എണ്ണം കൂടുതലാണെങ്കിൽ നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഒന്നിലധികം പളളിയോടക്കരക്കാർ സന്നദ്ധരായാൽ അക്കാര്യവും നറുക്കെടുത്ത് തീരുമാനിക്കും. തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നീ മൂന്ന് ചടങ്ങുകളിലായി എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീഡിയോ കോൺഫറൻസ് വഴി നടത്തിയ പൊതുയോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല, ജോയിന്റ് സെക്രട്ടറി വി.വിശ്വനാഥ പിള്ള എന്നിവർ പങ്കെടുത്തു.
ഭക്തർക്കും കാണികൾക്കും പ്രവേശനമില്ല
തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ, എന്നിവയിൽ കാണികളായോ വഴിപാടുകാരായോ ഭക്തരായോ ഉള്ള ആർക്കും പ്രവേശനമില്ല. കൂട്ടം കൂടുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചിട്ടുള്ളതിനാൽ എല്ലാ പള്ളിയോടകരകളും അത് പാലിക്കണം.
വിഭവസമാഹരണം ഇല്ല
അഷ്ടമിരോഹിണി വള്ളസദ്യ ചടങ്ങ് മാത്രമായി നടത്തുന്നതിനാൽ സദ്യ ഒരുക്കുന്നതിനാവശ്യമായ വിഭവ സമാഹരണം നടത്തേണ്ടെന്നാണ് പള്ളിയോട സേവാസംഘം തീരുമാനം. രോഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ. വഴിപാട് വള്ളസദ്യ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തിൽ യോഗം കൂടി തീരുമാനിക്കും.