തിരുവല്ല: തകർന്ന് കിടന്നിരുന്ന തുകലശേരി -ചെമ്പോലിമുക്ക് റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. ചെമ്പോലിമുക്ക് മുതൽ വെളിയം കടവ് വരെയുളള ഒന്നര കിലോമീറ്റർ ഭാഗത്താണ് അറ്റകുറ്റപ്പണി തുടങ്ങിയത്. നഗരസഭയുടെ 22, 24 വാർഡുകളിൽ കൂടി കടന്നുപോകുന്ന പ്രധാന റോഡാണിത്. തിരുമൂലപുരം കുടിവെളള വിതരണ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ജലവിതരണക്കുഴൽ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ ഇട്ടിരുന്ന മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം മെറ്റിൽ ഇട്ട് ഉറപ്പിച്ച് ടാറിംഗ് നടത്തുന്നത്. റോഡിലെ യാത്രാദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി ഉൾപ്പടെയുളള മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. കുടിവെള്ള പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടിയ കുഴികൾ വലിയ അപകട ഭീഷണിയാണ് ഉയർത്തിയിരുന്നത്. കനത്ത മഴയെ തുടർന്ന് മൂടിയ കുഴിയിലെ മണ്ണ് ഒഴുകി പോയത് മൂലം റോഡിന്റെ പല ഭാഗത്തും അപകടകരമായ കുഴികൾ രൂപപ്പെട്ടിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണിയെ സംബന്ധിച്ച് ജലവിതരണ വകുപ്പും പെതുമരാമത്ത് വകുപ്പും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് അറ്റകുറ്റപ്പണിക്ക് തടസമായിരുന്നത്. അറ്റകുറ്റപ്പണിക്കായി ജലവിതരണ വകുപ്പ് 25 ലക്ഷം രൂപ കെട്ടിവച്ചതിനെ തുടർന്നാണ് ടാറിംഗ് ജോലികൾ നടത്തുന്നത്.
ഒരുമാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനാകും.
ബിജിന എലിസബേത്ത് മാമ്മൻ
(പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ )
-നഗരസഭയുടെ 22, 24 വാർഡുകളിൽപെടുന്ന റോഡ്
അറ്റകുറ്റപ്പണി 25 ലക്ഷം