ganapathi

തിരുവല്ല: വിനായക ചതുർത്ഥിദിനത്തിൽ 51 പറ നാടൻ പൂക്കളിൽ പെരിങ്ങര യമ്മർകുളങ്ങര ഗണപതി ക്ഷേത്രത്തിൽ പുഷ്പാഭിഷേകം നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുഷ്പാഭിഷേകം ഇക്കുറി നാടൻ പൂക്കളിലാക്കിയത്. കറുകയും മുക്കുറ്റിയും കൂവളത്തിലയും മുതൽ നാട്ടിൽ വിരിഞ്ഞ ചെന്താമര വരെ അഭിഷേകത്തിനെത്തി. ഓണാട്ടുകരയിൽ നിന്ന് മാത്രം 60 കിലോ കറുക ശേഖരിച്ചു. ഭക്തർ കൊണ്ടുവന്ന നാടൻ പൂക്കൾ ഉൾപ്പെടെ 120 കിലോ പുഷ്പത്തിലാണ് ഭഗവാന് ഇത്തവണ അഭിഷേകം നടന്നത്. വിനായകചതുർത്ഥി നാളിൽ നടന്ന ചടങ്ങ് പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി, മേൽശാന്തി നാരായണൻ നമ്പൂതിരി തുടങ്ങി 12 വൈദിക ശ്രേഷ്ഠർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.