പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 104 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 93 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ നെല്ലാട് ക്ലസ്റ്ററിൽ നിന്ന് രോഗം ബാധിച്ച 19 പേരും, കടമ്പനാട് ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ച നാലു പേരും അടൂർ കണ്ണംകോട് ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ച നാലു പേരും ഉണ്ട്. ഏഴു പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
കഴിഞ്ഞ ദിവസം മരിച്ച തുവയൂർ സ്വദേശി അപ്പുക്കുട്ടന് (78) കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ ആകെ 2602 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1441 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ 31 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1957 ആണ്. 632 പേർ ചികിത്സയിലാണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : അടൂർ നഗരസഭയിലെ വാർഡ് 16 (പറക്കോട് മാർക്കറ്റ് പ്രദേശം), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (പുന്നമലച്ചിറ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (കാട്ടുകാലമാരൂർ, ചെമ്മണ്ണേറ്റം ഭാഗങ്ങൾ) എന്നീ സ്ഥലങ്ങളിൽ 23 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം. നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി പത്തനംതിട്ട : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13, 17, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, വാർഡ് ഒൻപതിൽ ഉൾപ്പെട്ട തൈമറവുംകര പ്രദേശം, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച് എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
പത്തനംതിട്ടയിൽ മരണം 13
പത്തനംതിട്ട : സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് മരണം പതിമൂന്നായി. നാൽപ്പത് ദിവസമായ കുഞ്ഞുങ്ങൾ മുതൽ തൊണ്ണൂറ് വയസുവരെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മരണം സംഭവിച്ചതിലേറെയും പ്രായമേറിയവർക്കാണ്. അറുപത്താറ് വയസു വരെയുള്ളവർ ഇതിൽപ്പെടും. ജില്ലയിൽ ആദ്യ കൊവിഡ് മരണം സംഭവിക്കുന്നത് മേയ് 28ന് ആണ്. രണ്ടാമത്തേത് ആഗസ്റ്റ് പതിമൂന്നിനും. ആദ്യഘട്ടങ്ങളിൽ ഉണ്ടായിരുന്ന ജാഗ്രതയിൽ ജനങ്ങൾക്ക് കുറവ് സംഭവിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. സാമൂഹ്യ വ്യാപനത്തിലേക്ക് കൊവിഡ് എത്തിയിട്ടും ജാഗ്രതയും ശ്രദ്ധയും കുറയുന്നതിനാലാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്. ഓണത്തിരക്ക് കൂടി ഏറിയാൽ വലിയ പ്രതിസന്ധിയാകുമോയെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകർക്ക്.
ക്ലസ്റ്ററുകളിലും കണ്ടെയ്മെന്റ് സോണിലും ആളുകൾ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ക്വാറന്റൈനിൽ ഇരിക്കാൻ പോലും പലരും വിമുഖത കാട്ടുന്നുണ്ട്. "
ഡോ. എബി സുഷൻ
ദേശീയ ആരോഗ്യ മിഷൻ ജില്ലാ കോർഡിനേറ്റർ
വൈദികന്റെ സമ്പർക്കം;
മൂന്നാംഘട്ട സ്രവ പരിശോധന 27ന്
ചെങ്ങന്നൂർ: കൊവിഡ് സ്ഥിരീകരിച്ച കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ വൈദികനുമായി സമ്പർക്കം പുലർത്തിയ ആളുകളുടെ സെക്കൻഡറി ലിസ്റ്റിൽപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്രവ പരിശോധന 27ന് നടക്കും. ഇരമല്ലിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇത് നടക്കുക. വൈദികനുമായി സമ്പർക്കം പുലർത്തിയവരടക്കം പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാർ, സോഷ്യൽ വർക്കർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാ വർക്കർമാർ എന്നിവർ ഉൾപ്പെടെ 192 പേരുടെ കൊവിഡ് പരിശോധന ഈ മാസം രണ്ട് തവണയായി നടന്നു.
വൈദികനുമായി സമ്പർക്കം പുലർത്തിയ കല്ലിശേരി കോൺവെന്റിലെ ഒരു കന്യാസ്ത്രീക്കും ഒരു കുടുംബത്തിലെ 3 പേർക്കും കല്ലിശേരിയിലുള്ള ഒരു പത്തനംതിട്ട സ്വദേശിക്കും പൊസിറ്റീവായി. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി നിലനിൽക്കുകയാണ്.
ചെങ്ങന്നൂർ നഗരസഭാ ഓഫീസ് അടയ്ക്കും
ചെങ്ങന്നൂർ: നഗരസഭാ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭാ ഓഫീസ് അടച്ചിടുമെന്ന് ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. ഓഫീസ് അണുവിമുക്തമാക്കുന്നതിനും ജീവനക്കാർക്ക് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കും. ഇന്നത്തെ കൗൺസിൽ യോഗവും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള ഹിയറിംഗും നാളത്തേയ്ക്ക് മാറ്റിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ ഓണച്ചന്തയുടെ ഉദ്ഘാടനവും അടുത്ത ദിവസത്തേയ്ക്ക് മാറ്റി. ഓഫീസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നഗരസഭാ ചെയർമാൻ കെ.ഷിബു രാജനുമായി ബന്ധപ്പെടണം ഫോൺ : 9446081817.