thoni

ആറൻമുള : തിരുവോണത്തോണി ആറൻമുളയിൽ പമ്പാനദിയിൽ ഇന്നലെ രാവിലെ നീരണിഞ്ഞു. തോണി ഉത്രാടത്തിന്റെ തലേനാൾ കാട്ടൂരിൽ എത്തും . ഉത്രാടംനാൾ രാവിലെ മൂക്കന്നൂർ കടവിൽ എത്തിക്കും. ഇവിടെ നിന്ന് വീണ്ടും കാട്ടൂരിലേക്ക് പുറപ്പെടും. വൈകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ആറന്മുളയിലെ കെടാവിളക്കിലേക്കു പകരാനുള്ള ദീപം മേൽശാന്തി പകർന്നു നൽകും. തുടർന്ന് 18 തറവാടുകളിൽ നിന്നുള്ള പ്രതിനിധികൾ തിരുവാറന്മുളയപ്പനുള്ള തിരുവോണവിഭവങ്ങൾ തോണിയിൽ കയറ്റും. തിരുവോണത്തോണിയും അകമ്പടി സേവിക്കാനെത്തുന്ന പള്ളിയോടങ്ങളും കിഴക്കോട്ടു മൂന്നു വള്ളപ്പാട് തുഴഞ്ഞു വടക്കോട്ടു തിരിച്ചു പടിഞ്ഞാറു ലക്ഷ്യമാക്കി യാത്രപുറപ്പെടും.
യാത്രയിൽ ആദ്യം അയിരൂർ മഠത്തിൽ നിറുത്തുകയും ദീപാരാധനയും അത്താഴത്തിനു ശേഷം യാത്ര തുടർന്ന് മേലുകര വെച്ചൂർ മഠത്തിലെത്തും.
തിരുവോണനാൾ പുലർച്ചെ ആറിന് ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്ര ഉപദേശക സമതി അംഗങ്ങളും പള്ളിയോട സേവാ സംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.