കടമ്പനാട്: ശ്വാസതടസ്സം മൂലം മരണപ്പെട്ടയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം സംസ്കരിക്കാൻ എത്തിച്ചത് കൊവിഡ് മാനദണ്ഡം പാലിക്കാതെയെന്ന് വീട്ടുകാരുടെ ആരോപണം. കടമ്പനാട് തുവയൂർ കല്ലുവിള തെക്കേതിൽ (കര്യാടിയിൽ) അപ്പുക്കുട്ടപ്പൻ (75)ന്റെ മൃതദേഹമാണ് കാൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പുറത്തുകാണത്തക്കവിധത്തിൽ എത്തിച്ചെന്നാണ് വീട്ടുകാരുടെ പരാതി. ശനിയാഴ്ച്ച രാവിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വീടിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് അടൂർ ഗവ.ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച്ച രാത്രിയോടു കൂടി മരണപ്പെട്ട കുട്ടപ്പന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വീട്ടുകാരെ അറിയിച്ചു. ഞായറാഴ്ച്ച ഉച്ചയോടു കൂടി ഒരു സ്വകാര്യ ആംബുലസിൽ മൃതദേഹം തുവയൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം വാഹനത്തിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് മാനദണ്ഡങ്ങൾ പാലിക്കാതെ മറച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതെന്ന് കുട്ടപ്പന്റെ മകൻ ബിജു പറഞ്ഞു. ഈർപ്പം പിടിക്കുന്ന തുണിയായിരുന്നു മൃതദേഹത്തിൽ ഇട്ടിരുന്നത്. സാധാരണ മൂന്നു പാളികളുള്ള പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് മൃതദേഹം വീട്ടുകാർക്ക് നൽകേണ്ടത്. ആരോഗ്യ പ്രവർത്തകരും ഒരു മാനദണ്ഡവും പാലിക്കാതെയാണ് എത്തിയതെന്നും ബിജു പറഞ്ഞു. കൂടാതെ സർക്കാർ ആംബുലൻസ് വിട്ടുനൽകിയില്ലെന്നും ഇദ്ദേഹം പറയുന്നു. ബിജുവും വീട്ടിലെ തന്നെ മറ്റു മൂന്നു പേരും കൂടി ആരോഗ്യ വകുപ്പ് നൽകിയ പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്കാരം നടത്തിയത്. ജില്ലാ കളക്ടർക്കും ഡി.എം.ഒ യ്ക്കും പരാതി നൽകുമെന്നും ബിജു പറഞ്ഞു.