hotspot

കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതോടെ ഗ്രാമവാസികൾ കടുത്ത ആശങ്കയിലാണ്. അടച്ചുപൂട്ടൽ ഒഴിവാക്കിയെങ്കിലും കർശന നിയന്ത്രണങ്ങളാണ് പൂങ്കാവ് ഭാഗത്ത് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് മഹാദേവർക്ഷേത്രത്തിന് സമീപം ഒരു കുടുംബത്തിലെ ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൂങ്കാവ് മല്ലശേരി സൊസൈറ്റിക്ക് സമീപത്തെ ഒരു വീട്ടിൽ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കോന്നി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വോളണ്ടിയറാണ്.

ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയും വിപുലമാണ്. ഇതോടെ നിരവധി ആളുകൾ ഹോം ക്വോറന്റൈനിലുമായി. ഇതേ തുടർന്നാണ് പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഹോട്ട്സ്പോട്ടാക്കി ഉയർത്തിയത്.

രോഗികളിൽ ഒരാൾ പൂങ്കാവ് അക്ഷയകേന്ദ്രത്തിൽ എത്തിയതിനാൽ സമീപത്തെ എസ്.ബി.ഐ കസ്റ്റമർ സെന്റർ അടച്ചു. രണ്ടിടങ്ങളിലും ഒരേ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവിടെ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ ഹോം ക്വാറന്റൈനിലാക്കി. അക്ഷയകേന്ദ്രം നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്. നിരവധി ആളുകൾ അക്ഷയകേന്ദ്രത്തിൽ എത്തുന്നത് ആശങ്കകൾ ഉയർത്തുന്നു. സാമൂഹ്യ അകലവും കൊവിഡ് മാനദണ്ഡങ്ങളും പലപ്പോഴും പാലിക്കപ്പെടുന്നില്ല. പൊലീസ് എത്തുമ്പോൾ മാത്രമാണ് രണ്ടുമീറ്റർ അകലമെങ്കിലും ഇവിടെ പാലിക്കപ്പെടുന്നത്.

ബാങ്കുകൾക്ക് മുന്നിലും എ.ടി.എമ്മുകൾക്ക് മുന്നിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൂങ്കാവിൽ രണ്ട് എ.ടി.എം കൗണ്ടറുകൾ മാത്രമാണുള്ളത്. പൊലീസ് ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിക്കുന്നത്.

പ്രമാടം ഗ്രാമപഞ്ചായത്തിലെ പ്രധാന മാർക്കറ്റാണ് പൂങ്കാവ്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെയാക്കി ചുരുക്കി. പൊലീസും ആരോഗ്യ വകുപ്പും പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് പട്രോളിംഗും ശക്തമാക്കി.