kuttavanchi

തണ്ണിത്തോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം കേന്ദ്രങ്ങളടച്ചപ്പോൾ ലോക്ക് ഡൗണിലായ അടവിയിലെ കുട്ടവഞ്ചി സവാരികേന്ദ്രം ഇന്നലെ തുറന്നു. മാർച്ച് 9നായിരുന്നു അവസാനമായി സഞ്ചാരികളെത്തിയത്. ഇത്രയും കാലം കുട്ടവഞ്ചികളെല്ലാം കരയ്ക്കായിരുന്നു. ഇന്നലെ രാവിലെ 9ന് കുട്ടവഞ്ചി സവാരി തുടങ്ങിയെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ബുക്ക് ചെയ്ത സന്ദർശകരെ മാത്രമേ അനുവദിക്കുന്നുള്ളു.

സന്ദർശകർ എത്തുന്ന വാഹനങ്ങളുടെ ടയർ പാർക്കിംഗിന് മുൻപ് അണുവിമുക്തമാക്കുന്നുണ്ട്.

പേരുവാലിയിലെ മുളംകുടിലുകൾക്ക് സംരക്ഷണം ആവശ്യമുള്ളതിനാലും രാത്രിയിൽ കാട്ടാനകളുടെ ശല്യമുള്ളതിനാലും സഞ്ചാരികളില്ലാത്ത സമയത്തും ഇവിടെ ജോലിക്കാരുണ്ടായിരുന്നു. മധ്യവേനൽ അവധിസമയത്ത് നല്ല തിരക്കുണ്ടാവേണ്ട സീസണിൽ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. അടവിയിൽ 27 തുഴച്ചിൽക്കാരാണുള്ളത്. വന സംരക്ഷണ സമിതിയിൽ അംഗങ്ങായ ഇവർക്ക് കേന്ദ്രം അടച്ചിട്ട സമയത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ മറ്റു ജോലികൾ നൽകിയിരുന്നു. ലോക്ക് ഡൗൺ സമയത്ത് വേതനവും ഭക്ഷണസാധന കിറ്റുകളും വനംവകുപ്പ് ജീവനക്കാർക്ക് നൽകി. വനപാതയിൽ എലിമുള്ളംപ്ലാക്കൽ വനസംരക്ഷണ സമിതിയിലെ വനിതകൾ നടത്തിയിരുന്ന ആരണ്യകം ഇക്കോ ഷോപ്പും സഞ്ചാരികളില്ലാത്തതിനാൽ അടഞ്ഞ് കിടക്കുകയായിരുന്നു.

കുട്ടവഞ്ചി സവാരികേന്ദ്രം

സാധാരണ ദിവസങ്ങളിൽ വരുമാനം - 50,000 - 70,000 രൂ

അവധി ദിവസങ്ങളിൽ - 1.5 ലക്ഷം രൂപ

മുളം കുടിലുകളിലെ മാസവരുമാനം : 10 ലക്ഷം രൂ

കൊവിഡ് പ്രതിരോധത്തിന്

  1. സഞ്ചാരികളുടെ താപനില പരിശോധിക്കും.
  2. ജീവനക്കാർക്കും സന്ദർശകർക്കും മാസ്‌ക് നിർബന്ധമാക്കും.
  3. പാർക്കിംഗ് ഏരിയ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, കുട്ടവഞ്ചികൾ എന്നിവിടങ്ങളിൽ സാനിട്ടറൈസർ ക്രമീകരണം.

10ന് താഴെയും 65ന് മുകളിലും പ്രായമുള്ളവർക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശനമില്ല

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാർ നിയന്ത്രണങ്ങളോടെയാവും അടവിയുടെ പ്രവർത്തനം.

കെ.എൻ.ശ്യാം മോഹൻലാൽ,

കോന്നി ഡി.എഫ്.ഒ