തിരുവല്ല: ഓണത്തോടനുബന്ധിച്ച് കൊവിഡ് ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നു മുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി പൊലീസ് അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് ഏഴ് വരെ മാത്രമേ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കു.സ്ഥാപനങ്ങളിൽ എത്തുന്നവർ തമ്മിൽ രണ്ട് മീറ്റർ അകലം കർശനമായി പാലിക്കണം. സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് ഉപയോഗിക്കാനായി സാനിറ്റൈസർ അടക്കമുള്ളവ എല്ലാ കടകളിലും ക്രമീകരിക്കേണ്ടതാണ്. സ്ഥാപനങ്ങളിൽ എത്തുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം ഏർപ്പെടുത്തണം. വലിയ സ്ഥാപനങ്ങൾക്കുള്ളിൽ അനുഭവപെടാൻ ഇടയുള്ള തിക്കും തിരക്കും ഒഴിവാക്കാൻ സ്ഥാപന ഉടമകൾ നടപടി സ്വീകരിക്കണം. ആളുകൾ കൂടുന്ന ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇക്കാര്യങ്ങൾ വാഹനത്തിലൂടെ വിളംബരം ചെയ്യും. ഒരു എസ്.ഐ ഉൾപ്പെടുന്ന പൊലീസിന്റെ മൂന്ന് സംഘങ്ങളുടെ നേതൃത്വത്തിൽ നഗരത്തിന്റെ മൂന്ന് പ്രദേശങ്ങളിലായി കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.