തിരുവല്ല: കൊവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണത്തിന് ഓണം പ്രമാണിച്ച് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എം.എൽ.എയും നഗരസഭാ ചെയർമാനും അടക്കമുള്ള ജനപ്രതിനിധികൾക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി. കച്ചവട സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കുവാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ കൊവിഡും പ്രളയവും മൂലം തകർന്നടിഞ്ഞ വ്യാപാരമേഖല ഓണക്കാല സീസൺ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനാൽ ഇനിയുള്ള പത്തു ദിവസം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് തിരുവല്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 9 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അധികൃതർക്ക് നിവേദനം നൽകിയതെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സലീം, ജനറൽ സെക്രട്ടറി എം.കെ. വർക്കി എന്നിവർ അറിയിച്ചു.