മല്ലപ്പള്ളി : ഓണക്കാലത്ത് കൊവിഡ് നിർവ്യാപന പരിപാടിയുമായി ജനങ്ങൾ സഹകരിക്കണമെന്ന് സംയുക്തയോഗം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ സമ്പർക്കവ്യാപനം ഒഴിവാക്കുവാൻ മുൻകരുതലുകൾ നിർദ്ദേശിച്ചു. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അത് നടപ്പിലാക്കുവാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ ഇടപെടും. മാർക്കറ്റ്, മറ്റ് വ്യാപരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുവാൻ സാദ്ധ്യമായ ക്രമീകരണങ്ങൾക്ക് വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണം. ആളുകൾക്ക് മുന്നറിയിപ്പ് നൽകുവാൻ ടൗണിൽ ഉച്ചഭാഷിണിയിലൂടെ നിരന്തര പ്രക്ഷേപണം നടത്തും. ടൗണിലെ തിരക്കൊഴിവാക്കുവാൻ അധിക സമയത്തെ പാർക്കിംഗ് അനുവദിക്കില്ല. വാഹനങ്ങളിലും വഴിയോരങ്ങളിലുമുള്ള വ്യാപാരം നിരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു.കീഴ്വായ്പ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സി.ടി.സഞജയ്, ആർ.ടി.ഒ ഒ.എ. മാത്യു, വില്ലേജ് ഓഫീസർ ജി.രശ്മി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.ഡി. തോമസുകുട്ടി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിത് ആൻഡ്രൂസ്,പഞ്ചായത്ത് അസി.സെക്രട്ടറി സാം കെ.സലാം, ഹോട്ടൽ ആന്റ് റെസ്‌റ്റോറെന്റ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു.