onam
കൺസ്യുമർ ഫെഡി​ന്റെ ഓമല്ലൂരിലുള്ള ഗോഡൗണി​ൽ നിന്ന് ഓണച്ചന്തകൾക്കുള്ള സാധനങ്ങൾ ലോറിയിൽ കയറ്റുന്നു.

അടൂർ : കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും ഒാണക്കാല വ്യാപാരം തകൃതി. നഗരസഭയിലെ പറക്കോട് മാർക്കറ്റ് ഉൾപ്പെടുന്ന 16-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടും ഇവിടുത്തെ അനന്തരാമപുരം മാർക്കറ്റിൽ തിരക്കിന് കുറവില്ല. ഇന്നലെ പുലർച്ചെ മൂന്നര മുതൽ വ്യാപാരം നടന്നു. രാവിലെ 8 മണിവരെ മത്സ്യവ്യാപാരവും പൊടിപൊടിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ മത്സ്യക്കച്ചവടം മതിയാക്കി. അതേസമയം മറ്റു വ്യാപാരങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ നടന്നു. സമീപത്തെ രണ്ട് വസ്ത്ര വ്യാപാരസ്ഥാപനത്തിലും കൊവിഡ് മാനദണ്ഡം പാലിക്കാത്ത അവസ്ഥയായിരുന്നു.

സമ്പർക്കവ്യാപനം അനിയന്ത്രിതമായി തുടരുമ്പോഴും ജില്ലാ ഭരണകൂടം നിർദ്ദേശിച്ച നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ രംഗത്തില്ല. അടൂരിൽ വഴിയോര വ്യാപാരം നിരോധിച്ചതാണ്. എന്നാൽ നഗരത്തിൽ എവിടെയും വഴിയോരവ്യാപാരം പൊടിപൊടിക്കുകയാണ്. കെ.എസ്.ആർ.ടി.സി ജംഗ്ഷന് കിഴക്കുഭാഗത്തുള്ള വസ്ത്രവ്യാപാരശാലയിൽ തിരക്കേറെയാണ്. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണിൽ പൊടിയിടാൻ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിശ്ചിത അകലത്തിൽ കസേരയിട്ട് ആളുകളെ ഇരുത്തുന്നതൊഴിച്ചാൽ മറ്റു ക്രമീകരണമൊന്നുമില്ല. വഴിയോര കച്ചവടത്തിന് പിന്നിൽ ചില രാഷ്ട്രീയ പ്രവർത്തകരുടെ പങ്കുമുണ്ട്. അതിനാൽ പൊലീസും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കാറുമില്ല.

പഴകുളം തെങ്ങുംതാരയിലെ ഒരു മത്സ്യ - ചിക്കൻ വ്യാപാര കേന്ദ്രത്തിൽ നിന്ന് ഉടമകൾ ഉൾപ്പെടെ ഒൻപത് പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇവരുടെ സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകുമെന്ന ഭീതിയിലാണ് മേലൂട്, പഴകുളം നിവാസികൾ.

വ്യാപാര സ്ഥാപനങ്ങളു‌ടെ പ്രവർത്തന സമയം

രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ

വ്യാപാര കേന്ദ്രങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ
കടകളിൽ സാനിറ്റൈസറും, ഹാൻഡ് വാഷും നിർബന്ധമായി ഉണ്ടായിരിക്കണം.
കടകളിലെ ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
സാമൂഹിക അകലം പാലിക്കുന്നതിന് കടകൾക്ക് മുന്നിൽ ആവശ്യമായ മാർക്കിംഗുകൾ ചെയ്യണം. 15 ചതുരശ്ര അടിക്ക് ഒരാളെന്ന ക്രമത്തിൽ വിസ്തീർണം അടിസ്ഥാനമാക്കി വ്യാപാരശാലയ്ക്ക് ഉള്ളിൽ എത്രപേർ നിൽക്കാമെന്നുള്ള എണ്ണം പുറത്ത് പ്രദർശിപ്പിക്കണം. ബാക്കിയുള്ളവർക്ക് വ്യാപാരശാലയുടെ പുറത്ത് വൃത്തം വരച്ചോ, ലൈൻ വരച്ചോ കാത്തു നിൽക്കുന്നതിന് സൗകര്യം ഏർപ്പെടുത്തണം.
വഴിയോര മത്സ്യ കച്ചവടവും പഴം, പച്ചക്കറി മറ്റ് വിൽപ്പനകളും വീടുതോറും പോയുള്ള കച്ചവടവും പൂർണമായും നിരോധിച്ചു.