പത്തനംതിട്ട : പാർത്ഥസാരഥിക്ക് നിവേദ്യത്തിനായി അരി തയ്യാറാക്കാൻ ആറന്മുളയിൽ നിന്ന് ആചാര പ്രകാരം നെല്ല് അളന്ന് നൽകി. ചിങ്ങമാസത്തിലെ ചോതി നാളിലാണ് ആചാര പ്രകാരം നെല്ലളക്കുന്നത്. തെക്കേടത്ത്, മംഗലപ്പള്ളി, പുത്തേഴത്ത് എന്നീ കാരായ്മ കുടുംബപ്രതിനിധികളാണ് നെല്ലളന്നത്. കാട്ടൂർ മഠത്തിലേക്ക് 10 പറ നെല്ലും കണ്ണങ്ങാട്ട്, കടവന്ത്ര, നാരങ്ങാനം
എന്നീ മഠങ്ങളിലേക്ക് ഓരോ പറ നെല്ല് വീതവുമാണ് അളക്കുന്നത്.
കാട്ടൂർ മഠത്തിലെത്തിക്കുന്ന നെല്ല് കാട്ടൂരിലെ 18 നായർ
കുടുംബങ്ങളുടെനേതൃത്വത്തിൽ ഉരലിൽക്കുത്തി അരിയാക്കിയെടുക്കും.
ഇതാണ് പാർത്ഥസാരഥിക്ക് നിവേദ്യമൊരുക്കാൻ തിരുവോണത്തോണിയിൽ ആറന്മുളയിലെത്തിക്കുന്നത്. കൈസ്ഥാനീയർക്ക് പുറമെ ദേവസ്വം അസി.കമ്മിഷണർ എസ്.അജിത് കുമാർ, എ.ഓ പി.വി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു .