പ്രമാടം : കാർഷിക വിപണന രംഗത്ത് വിപ്ളവകരമായ മാറ്റമുണ്ടാക്കാൻ എസ്.എൻ സൂപ്പർമാർട്ടിന് കഴിയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാർഷിക വ്യവസായ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രമാടം 361-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഷോപ്പിംഗ് കോംപ്ളക്സിൽ ആരംഭിച്ച എസ്.എൻ സൂപ്പർ മാർട്ടിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ ഗുരുദേവ നാമധേയത്തിൽ തുടങ്ങിയ ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്ന കാർഷിക വിളകൾക്ക് മികച്ച വില നൽകുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയേക്കാൾ ന്യായ വിലയിൽ ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്. കർഷകരിൽ നിന്ന് ഗുണമേൻമയുള്ള കാർഷിക വിളകൾ ഇടനിലക്കാരില്ലാതെ ലഭ്യമാക്കാനും അതിന്റെ ഗുണമേൻമ ഒട്ടും ചോർന്നുപോകാതെ ഉപഭോക്താക്കളിൽ എത്തിക്കാനും കഴിയും. വിപണി ഇല്ലായ്മയും ഇടനിലക്കാരുടെ ചൂഷണവുമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. എസ്.എൻ സൂപ്പർ മാർക്കറ്റിലൂടെ ഇതിന് പരിഹാരമാകും.ഉപ്പു മുതൽ കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും ക്രോക്കറി, സ്റ്റേഷനറി, കോസ്മെറ്റിക്സ്, പഴം, പച്ചക്കറി തുടങ്ങിയവയുടെ വിശാലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രവർത്തനം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യസന്ദേശം നൽകി. എസ്.എൻ സൂപ്പർ മാർക്കറ്റ് പോലെയുള്ള സംരംഭങ്ങൾ വരുന്നതോടെ മൈക്രോഫിനാൻസിന്റെ അടുത്ത ഘട്ടവുമായി മുന്നോട്ടുപോകാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ സഹോദരിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസമായിരിക്കും. സ്വയം തൊഴിൽ കണ്ടെത്തുന്നതിനും നിരവധി ആളുകൾക്കും ജോലി നൽകുന്നതിനും ഇത്തരം സംരംഭങ്ങൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ആദ്യവില്പന നിർവ്വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വിശ്വംഭരൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.എം. മോഹനൻ, സുശീല അജി, ശാഖാ പ്രസിഡന്റ് രഞ്ജിത്ത്, വൈസ് പ്രസിഡന്റ് സി.ആർ. യശോധരൻ, സെക്രട്ടറി എം.ടി. സജി, മുൻ സെക്രട്ടറി പി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.