pdm
കൊവി​ഡ് വ്യാപനത്തെ തുടർന്ന് പന്തളം ചന്തയി​ലേക്കുള്ള വഴി​ പൊലീസ് അടച്ചപ്പോൾ

പന്തളം: നഗരസഭയിലെ 8, 9, 10, 11 ഡിവിഷനുകളിൽ കൊവിഡ് വ്യാപനം ആശങ്കയായി. ടെസ്റ്റ് നടത്തിയ 175 ആളുകളിൽ 51 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പന്തളം, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലെ കൊവിഡ് സെന്ററുകളിലേക്ക് മാറ്റി. നഗരസഭയിലെ ഡിവിഷൻ 10 കണ്ടെയിൻമെന്റ് സോൺ ആണ്. കടയ്ക്കാട് മാർക്കറ്റിൽ മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് ഒരാൾക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. മാർക്കറ്റുമായി ബന്ധപ്പെട്ടുള്ള സമ്പർക്ക പട്ടിക വിപുലമായതിനാൽ ആദ്യം മാർക്കറ്റ് അടയ്ക്കുകയും പിന്നീട് കണ്ടെയിന്റ്‌മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഈ ഡിവിഷൻ ഉൾപ്പെടെ നാല് ഡിവിഷനുുകളിൽ നിന്നുമുള്ള 175പേരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.

കുരമ്പാല ഗിരിജാ ഭവനത്തിൽ ഗോപാലപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (60) കഴിഞ്ഞ ദിവസംസ്വകാര്യ ആശുപത്രയിൽ മരിച്ചിരുന്നു. പരിശോധനയിൽ ഇവർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു.
ആന്റിജൻ പരിശോധനയിൽ പോസിറ്റീവായ ഒരു യുവജന നേതാവിന്റെ സമ്പർക്കത്തെ തുടർന്ന് സി.പി.എം പന്തളം ഏരിയാ കമ്മിറ്റി ഒാഫീസ് അടച്ചു. പന്തളം സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പന്തളത്തും കടയക്കാട്ടും നിരീക്ഷണം ഏർപ്പെടുത്തി.