covid

പത്തനംതിട്ട: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ അടക്കം ഒരു ദിവസം പരിശോധനയ്ക്ക് അയയ്ക്കുന്നത് 2400 കേസുകൾ . കൊവിഡ് സമ്പർക്ക വ്യാപനം വർദ്ധിക്കുകയാണ് ദിവസം തോറും. പരിശോധന വൈകുന്നുവെന്ന ആരോപണവും ഇതോടൊപ്പമുണ്ട്. ചില ദിവസങ്ങളിൽ പരിശോധനാ ഫലം കുറയുന്നതിന്റെ കാരണം കേസുകൾ കുറയുന്നതല്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എല്ലാ ആഴ്ചയും ലാബ് ശുചീകരിക്കാനും മറ്റുമായി എല്ലാ ജില്ലയും ഒരു ദിവസം മാറ്റിവയ്ക്കാറുണ്ട്. പത്തനംതിട്ട ജില്ലയ്ക്ക് അത് ഞായർ ദിവസമാണ്. അതുകൊണ്ട് തിങ്കൾ വരുന്ന പരിശോധനാ ഫലം വളരെ കുറവായിരിക്കും. പരിശോധന കുറവായതുകൊണ്ടാണത്. ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാനും ഔദ്യോഗികമായി പ്രഖ്യാപിക്കാനും താമസം നേരിടുന്നുണ്ട്. നിയമസഭാ സമ്മേളനം നടന്ന കഴിഞ്ഞ ദിവസം 8. 48നാണ് ഫലം പുറത്തുവിട്ടത്. ജില്ലയിൽ ആദ്യമായി നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴും സമാനസാഹചര്യമുണ്ടായി. ഉച്ചയ്ക്ക് മുമ്പുള്ള പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തുവിടുന്നത്. വൈകിട്ട് നാല് മണിക്കാണ് ആരോഗ്യ വകുപ്പിന് പരിശോധനാ ഫലം ലഭിക്കുന്നത്.

പന്തളം കടയ്ക്കാട് ചന്തയിൽ തിങ്കളാഴ്ച നടന്ന റാപ്പിഡ് ആന്റിജൻ പരിശോധനയിൽ 50 ലധികം ആളുകൾ പോസിറ്റീവായിട്ടുണ്ടെന്ന് പറയുന്നു. പന്തളത്ത് കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചതിനു പിന്നാലെയാണ് ആന്റിജൻ പരിശോധന നടത്തിയത്. തിങ്കളാഴ്ച പുറത്തുവന്ന ഫലങ്ങളിൽ പന്തളത്തെ ഫലം ഉൾപ്പെടുത്തിയിട്ടില്ല. പരിശോധനാഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചശേഷമേ പുതുതായി പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ വാർഡുകളെ കണ്ടൈൻമെന്റ് സോണുകളിലേക്ക് മാറ്റാറുള്ളു. ഇവരുടെ സമ്പർക്കപ്പട്ടിക തയാറാക്കുകയും പിന്നാലെ കണ്ടൈൻമെന്റ് സോണുകൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യണമെങ്കിൽ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടാകണം. ഇതിനുണ്ടാകുന്ന കാലതാമസം കാരണം പ്രാദേശികമായി ജാഗ്രത പാലിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നുണ്ട്.

------------------------


പരിശോധന കുറയുന്നില്ല. ഞായർ ലാബ് മെയിന്റനൻസ് ആണ്. അതുകൊണ്ട് തിങ്കൾ ഫലം കുറയും. അടുത്ത ദിവസം അതിന്റെ കൂടെ ഫലം വരുമ്പോൾ കണക്ക് കൂടും. കേസുകൾ വർദ്ധിക്കുകയാണ്.


ഡോ. എ.എൽ ഷീജ

(ഡി.എം.ഒ)

-----------

ജീവാമൃതം കാമ്പയിൻ

റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റർ ജീവാമൃതം പ്ലാസ്മ ഡൊണേഷൻ ഡ്രൈവ് കാമ്പയിൻ തുടങ്ങി.

കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം നെഗറ്റീവായ 20 നും 50 നും ഇടയ്ക്ക് പ്രായമുള്ള പ്ലാസ്മ നൽകാൻ സന്നദ്ധരായ വ്യക്തികളുടെ ഗൂഗിൾ ഫോം ഡേറ്റ തയ്യാറാക്കി പ്ലാസ്മ ചികിൽസ പ്രോൽസാഹിപ്പിക്കുകയാണ് ലക്ഷ്യം. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രായമായ ആളുകൾക്ക് പ്ലാസ്മ ചികിത്സ കാര്യക്ഷമമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്ലാസ്മ ചികിൽസ തുടരുന്നത് കണക്കിലെടുത്ത് റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റർ ഇതിലേക്ക് ദാതാക്കളെ എത്തിക്കാൻ ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് കൗൺസിലർ എം.എസ്. സുനിതയ്ക്ക് കാമ്പയിൻ പോസ്റ്റർ കൈമാറി ജില്ലാ കളക്ടർ പി.ബി നൂഹ് പ്രകാശനം നിർവഹിച്ചു. റെഡ് ഈസ് ബ്ലഡ് കേരള പത്തനംതിട്ട ചാപ്റ്റർ സെക്രട്ടറി ജസ്റ്റിൻ ബാബു, എക്‌സിക്യുട്ടീവ് അംഗം ശിവകുമാർ എന്നിവർ പങ്കെടുത്തു.