അടൂർ : പറക്കോട് അനന്തരാമപുരം മാർക്കറ്റ് ഉൾപ്പെടുന്ന വാർഡ് കണ്ടെയിൻമെന്റ് സോണാക്കി മാറ്റിയിട്ടും മാർക്കറ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപടർത്തി വ്യാപാരം പൊടിപൊടിക്കുന്നതിന് തടയിടാൻ കളക്ടറുടെ കർശന നിർദ്ദേശം. ഇത് സംബന്ധിച്ച് കേരളകൗമുദി വാർത്തയെ തുടർന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് കളക്ടർ പി.ബി.നൂഹ് ഇന്നലെ വൈകിട്ട് പറക്കോട് മാർക്കറ്റിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഈ മേഖലയിൽ മത്സ്യവ്യാപാരി ഉൾപ്പെടെ സമ്പർക്കമറിയാത്തനിരവധി കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെയാണ് മാർക്കറ്റ് ഉൾപ്പെടുന്ന വാർഡ് കണ്ടൈയിന്റ്മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. തിങ്കൾ,വ്യാഴം ദിവസങ്ങളിലാണ് പ്രധാനമായും മാർക്കറ്റ് പ്രവർത്തിക്കുന്നതെങ്കിലും ഇവിടെ മൊത്തവ്യാപാര പച്ചക്കറി കടകൾ ഉൾപ്പെടെയുള്ള കടകൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്.മാർക്കറ്റ് ദിവസമായ തിങ്കളാഴ്ച എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി നടത്തിയ വ്യാപാരത്തെ സംബന്ധിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക്
പല വ്യാപാരസ്ഥാപനങ്ങളിലും സാമൂഹ്യഅകലം പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. സമ്പർക്കവ്യാപനം ഏറെ രൂക്ഷമായിട്ടും ഇക്കാര്യത്തിൽ ജനത്തിനും ഭയമില്ലാത്ത സ്ഥിതിയാണ്.സാമൂഹ്യഅകലം പാലിച്ചുവേണം വ്യാപാരം നടത്തേണ്ടതെന്ന് കളക്ടർ നിർദ്ദേശിച്ചു. മാസ്ക്ക്, സാനിട്ടൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ഇത് സംബന്ധിച്ച് റവന്യൂ,പൊലീസ്,നഗരസഭ ഹെൽത്ത് വിഭാഗം സംയുക്ത പരിശോധന നടണമെന്നും കളക്ടർ നിർദ്ദേശിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതിനൊപ്പം വീണ്ടും ആവർത്തിച്ചാൽ കടഅടപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. ചിറ്റയം ഗോപകുമാർ, ആർ. ഡി. ഒ ഹരികുമാർ, ഡി.വൈ.എസ്.പി ബിനു,തഹസീൽദാർ ബീന എസ്. ഹനീഫ് എന്നിവരും കളക്ടറുടെ സന്ദർശന വേളയിൽ ഉണ്ടായിരുന്നു.