തിരുവല്ല: പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് നിർമ്മാണം പൂർത്തിയാക്കി ഇടിഞ്ഞില്ലം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സർക്കാർതലത്തിൽ ചെറിയ നിർമ്മാണങ്ങൾ പോലും പൂർത്തിയാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്ന ഇക്കാലത്ത് സാമാന്യം വലിയൊരു പാലത്തിന്റെ നിർമ്മാണമാണ് ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കിയത്. കൊവിഡും പ്രളയവും ഉൾപ്പെടെയുള്ള തടസങ്ങളെയെല്ലാം മറികടന്നാണ് ഇടിഞ്ഞില്ലം പാലം ഇന്നലെ തുറന്നുകൊടുത്തത്. രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന കാവുംഭാഗം- ഇടിഞ്ഞില്ലം റോഡിൽ ഇടിഞ്ഞില്ലം തോടിന് കുറുകെയാണ് വീതികൂടിയ പുതിയ പാലം നിർമ്മിച്ചത്. വീതികുറഞ്ഞ പഴയപാലം പൊളിച്ചുനീക്കി അതേസ്ഥാനത്ത് തന്നെയാണ് പുതിയ പാലം. പാലത്തിലെ നടപ്പാതയുടെ അടിയിലൂടെ പൈപ്പുകളും കേബിളുകളും ഇടുന്നതിനുള്ള സൗകര്യങ്ങളും സജ്ജമാക്കി. തോട്ടിലൂടെ വള്ളങ്ങൾക്ക് സുഗമമായി കടന്നുപോകാനായി പഴയ പാലത്തേക്കാൾ മൂന്നടി കൂടി ഉയർത്തിയിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് ഇടയ്ക്ക് ഒന്നരമാസം തടസപ്പെട്ടെങ്കിലും പിന്നീട് പ്രത്യേക അനുമതി വാങ്ങി നിർമ്മാണം നടത്തി.
.
സമയബന്ധിതമായി നിർമ്മാണം
ഡിസംബർ 28ന് പഴയ ഇടുങ്ങിയ പാലം പൊളിച്ചുനീക്കി. ജനുവരി ഒന്നിന് നിർമ്മാണ ജോലികൾ ആരംഭിച്ചു. 60 മീറ്ററിൽ പൈലിംഗ് ജോലികൾ പൂർത്തിയാക്കി. മൂന്ന് തൂണുകളിൽ മൂന്ന് സ്‌പാനുകൾ വീതവും അഞ്ച് പൈൽകാപും ഇരുവശങ്ങളിലുമായി അബട്ട്മെന്റും നിർമ്മിച്ചു. ജൂൺ 28ന് മുകളിലെ സ്ളാബ് കോൺക്രീറ്റിംഗ് പൂർത്തിയാക്കി. മഴയെ പ്രതിരോധിക്കാൻ പാലത്തിന് മുകളിൽ കൂറ്റൻ പന്തൽ സ്ഥാപിച്ചതും ഏവർക്കും കൗതുകമായിരുന്നു. എങ്കിലും മഴയില്ലാത്ത രാപകൽ കൊണ്ടാണ് കോൺക്രീറ്റിംഗ് ചെയ്തു തീർത്തത്. ഒരുമാസംകൊണ്ട് പാലത്തിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയോടെ അപ്രോച്ച് റോഡിന്റെ പണികളും പൂർത്തിയാക്കി. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ പുനർനിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 16.83 കോടി രൂപയിൽ ഉൾപ്പെട്ടതാണ് പാലത്തിന്റെ നിർമ്മാണവും.
----
ആദ്യ യാത്ര എം.എൽ.എ,
സ്വന്തം കാറിൽ
ഇന്നലെ മാത്യു ടി.തോമസ് എം.എൽ.എ സ്വന്തം കാറോടിച്ച് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് മെമ്പർ ഈപ്പൻ കുര്യൻ, പഞ്ചായത്തംഗങ്ങളായ ശാന്തമ്മ ആർ.നായർ, സി.കെ.പൊന്നപ്പൻ, ക്രിസ്റ്റഫർ ഫിലിപ്, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ സി.ബി.സുഭാഷ്‌കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ഷീനാരാജൻ, അസി.എൻജിനിയർ ബിജുന എലിസബത്ത് മാമ്മൻ, ഓവർസിയർ സംഗീത, കോൺട്രാക്ടർ ഷാജി പാലാത്ര, സൂപ്പർവൈസർ സജീവ്, പ്രമോദ് ഇളമൺ, പ്രൊഫ.അലക്‌സാണ്ടർ കെ.ശാമുവേൽ എന്നിവർ പങ്കെടുത്തു
---------------
ലോക്ക്ഡൗണിനെ തുടർന്ന് കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം ഒഴിവാക്കിയപ്പോൾ ജില്ലാകളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാമ് പാലത്തിന്റെ നിർമ്മാണം നടത്തിയത്. ഉദ്യോഗസ്ഥർക്ക് ജനപ്രതിനിധികളും കരാറുകാരും പിന്തുണ നൽകിയതോടെ പാലത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു.
സി.ബി.സുഭാഷ് കുമാർ
അസി.എക്സിക്യുട്ടീവ് എൻജിനീയർ
പൊതുമരാമത്ത് വകുപ്പ്
----------
പാലം
നീളം 35 മീറ്റർ
വീതി- 11മീറ്റർ