പത്തനംതിട്ട : കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തോട് അനുബന്ധിച്ച് കർശന മാർഗനിർദേശങ്ങളുമായി ജില്ലാ പൊലീസ്. പൊതുവായ ഓണാഘോഷപരിപാടികൾ അനുവദിക്കില്ലെന്നും വീടുകളിലും ആരാധനാലയങ്ങളിലുമായി ഒതുക്കണമെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ പറഞ്ഞു.
കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കണം. ക്ലബുകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയ്ക്ക് ആഘോഷപരിപാടികൾ നടത്താൻ അനുവാദം നൽകില്ല. ചതയദിനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രകൾക്കും അനുമതി നൽകില്ല. ഓണസദ്യ ഒരുക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ അനുസരിക്കുകയും വേണം
.
കൊവിഡ് നിബന്ധനകൾ പാലിച്ച് അംഗീകൃത മത്സ്യമാർക്കറ്റുകൾക്കു പ്രവർത്തിക്കാം. വഴിയോരക്കച്ചവടം നിരോധിച്ചതിനാൽ ലംഘനങ്ങളുണ്ടാകാതെ നോക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വഴിയോര മത്സ്യക്കച്ചവടവും വീടുവീടാന്തരം വാഹനമാർഗമോ തലച്ചുമടായോ ഉള്ള കച്ചവടവും അനുവദിക്കില്ല. ഓണവിപണികളും സ്ഥിരവിപണികളും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുടെ നിർദേശാനുസരണം പ്രവർത്തിക്കണം.
സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രമേ പ്രവർത്തിക്കാവൂ. കടകൾക്കുള്ളിൽ അനുവദനീയ എണ്ണം ആളുകളെ നിറുത്തുകയും പുറത്തു കാത്തുനിൽക്കുന്നവർക്കു സ്ഥലം മാർക്ക് ചെയ്തു കൊടുക്കുകയും വേണം. വരുന്നവർക്ക് സാനിറ്റൈസർ ലഭ്യമാക്കുന്നതിനായി സ്റ്റാഫിനെ ഉടമ നിയോഗിക്കണം. ജീവനക്കാരും സാധനം വാങ്ങാനെത്തുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണം.