ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സമ്പൂർണ കുടിവെള്ള പദ്ധതിയെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു.
നിയോജക മണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുളക്കുഴ സി.സി പ്ലാസ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനാകും. സജി ചെറിയാൻ,കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ സംസാരിക്കും.ചെങ്ങന്നൂർ നഗരസഭയ്ക്കും, ആല- പുലിയൂർ, ബുധനൂർ,പാണ്ടനാട്, മുളക്കുഴ, വെൺമണി, ചെറിയനാട് എന്നീ പഞ്ചായത്തുകൾക്കും വേണ്ടിയുളള 200 കോടി ചെലവ് വരുന്ന സമഗ്രകുടിവെള്ള പദ്ധതിയാണ് സർക്കാരിന് സമർപ്പിച്ചത്.പമ്പാനദിയിൽ അങ്ങാടിക്കൽ കോലാ മുക്കത്തു നിലവിലുള്ള കിണറിൽ നിന്നാണ് പദ്ധതിയ്ക്കാവശ്യമായ ജലം ശേഖരിക്കുന്നത്.അങ്ങാടിക്കൽ മലയിലെ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ എത്തിക്കും.തുടർന്ന് മുളക്കുഴ നികരുംപുറത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റും 14 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും.പാണ്ടനാട് പഞ്ചായത്തിനായി പറമ്പത്തൂർ പടി ജംഗ്ഷനു സമീപം എട്ടു ലക്ഷം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും.പുലിയൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം നിർമ്മിക്കുന്ന 16 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന ടാങ്കിൽ നിന്നും പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കും.ചെറിയനാട്ട് പഞ്ചായത്തിൽ തുരുത്തിമേലിൽ 3.65 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമ്മിക്കും.

1108 കിലോമീറ്ററിലാണ് വിതരണ ശൃംഖലാ പൈപ്പുകൾ

ചെങ്ങന്നൂർ നഗരസഭ 190, മുളക്കുഴ 200, വെണ്മണി 170, ആല 105 ,പുലിയൂർ 70, ബുധനൂർ 80, പാണ്ടനാട് 65 എന്ന ക്രമത്തിൽ ആകെ 1108 കിലോമീറ്ററിലാണ് വിതരണ ശൃംഖലാ പൈപ്പുകൾ സ്ഥാപിക്കുക.അടുത്തിട കമ്മീഷൻ ചെയ്ത ചെന്നിത്തല കുടിവെള്ള പദ്ധതിയിലൂടെയാണ് മാന്നാർ പഞ്ചായത്തിനു വെളളം ലഭിക്കുന്നത്. ചെങ്ങന്നൂർ നഗരസഭയിൽ പാണ്ഡവൻപാറ കുടിവെള്ള പദ്ധതിക്കായി പട്ടികജാതി വികസന വകുപ്പിൽ നിന്നും മന്ത്രി എ.കെ ബാലൻ അഞ്ചു കോടി രൂപ അനുവദിച്ചു.

15 കിലോമീറ്റർ വിതരണ ലൈൻ സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്.നിർമ്മാണം പുരോഗമിക്കുന്നതോടെ ബാക്കി തുക കൂടി പദ്ധതിക്ക് അനുവദിക്കും. രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.

എം.എൽ.എ

(സജി ചെറിയാൻ)

-ആദ്യ ഘട്ടത്തിൽ 199.13 കോടി രൂപ അനുവദിച്ചു

-200 കോടി ചെലവ് വരുന്ന സമഗ്രകുടിവെള്ള പദ്ധതി