പന്തളം: പന്തളത്ത് കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കടുത്ത നിയന്ത്രണത്തിന് അധികൃതർ. കടയ്ക്കാട് മത്സ്യ മാർക്കറ്റിൽ നിന്ന് തുടങ്ങിയ കൊവിഡ് വ്യാപനം രൂക്ഷമാണ്. നിലവിൽ പത്താം ഡിവിഷൻ കണ്ടൈൻമെന്റ് സോണാണ്. 8, 9, 10, 11 ഡിവിഷനുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇവയ്ക്ക് പുറമേ 12, 13, 25 ഡിവിഷനുകളിലും കടുത്ത നടപടി വേണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പക്ഷേ നഗരം ഇപ്പോഴും ഉത്സവ പ്രതീതിയിലാണ്.വൻ തിരക്ക്. സാമൂഹ്യ അകലമില്ല.
നഗരസഭാ മന്ദിരം ഇന്നലെ അണുവിമുക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ദിവസവും മുന്നൂറോളം പേരാണിവിടെ എത്തുന്നത് . 26 വരെയാണ് അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ മൂവായിരത്തോളം പേരുടെ ഹിയറിംഗ് അടുത്ത മാസം 23 ന് മുൻപ് തിർക്കേണ്ടതായുണ്ട്. കൊവിഡ് പകരുന്ന സാഹചര്യത്തിൽ അപേക്ഷകരുടെ രേഖകളും ടെലിഫോൺ നമ്പറും വാങ്ങി, ഓൺലൈൻ വഴി ഹിയറിംഗ് നടത്താനാണ് നഗരസഭാ അധികൃതർ ഇപ്പോൾ ശ്രമിക്കുന്നതെന്ന് ചെയർപേഴ്‌സൺ റ്റി.കെ.സതി, സെക്രട്ടറി ജി.ബിനു ജി എന്നിവർ അറിയിച്ചു.
നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭയിലെ പന്തളം കടയ്ക്കാട് പ്രദേശങ്ങൾ ചിറ്റയം ഗോപകുമാർ എം എൽ എ യും കളക്ടർ പി.ബി. നൂഹും സന്ദർശിച്ചു. ആർ.ഡി.ഒ ഹരികുമാർ, തഹസിൽദാർ ബീന എസ്.ഹനീഫ്, ഡിവൈ.എസ്.പി ബിനു, പന്തളം സി.ഐ എസ് . ശ്രീകുമാർ, പന്തളം നഗരസഭ ചെയർപേഴ്‌സൺ റ്റി.കെ സതി, വൈസ് ചെയർമാൻ ആർ.ജയൻ, കൗൺസിലർമാരായ രാധാ രാമചന്ദ്രൻ,കെ.വി പ്രഭ, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.