പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകൻ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി മുമ്പാകെ എത്തിയിട്ടുള്ള ഹർജിയെ എതിർക്കുമെന്ന് കുടുംബം. ജൂലായ് 28നു മരിച്ച മത്തായിയുടെ മൃതദേഹം മറവു ചെയ്യാത്തത് സാമൂഹിക പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും സംസ്‌കാരം നടത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് മല്ലപ്പള്ളി ചാലാപ്പള്ളി സ്വദേശി കെ. പ്രവീൺ കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് ചീഫ് ജസറ്റീസിന്റെ ബഞ്ച് പരിഗണിക്കും.
കേസ് സി.ബി.ഐക്ക് വിട്ട സാഹചര്യത്തിൽ അതു മറച്ചുവച്ചാണ് മൃതദേഹം മറവ് ചെയ്യണമെന്ന ഹർജി നൽകിയിട്ടുള്ളതെന്ന് മത്തായിയുടെ ഭാര്യ ഷീബാമോൾ പറഞ്ഞു. മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യം സി.ബി.ഐ മുമ്പാകെ കുടുംബം ഉന്നയിച്ചിരുന്നു. ഇതനുസരിച്ച് തീരുമാനമെടുക്കാൻ ഏതാനും ദിവസം കൂടി സി.ബി.ഐ ആവശ്യപ്പെട്ടിരുന്നതിനാലാണ് മൃതദേഹം മറവു ചെയ്യാത്തതെന്ന് കുടുംബം ചൂണ്ടിക്കാട്ടി. കേസിൽ സി.ബി.ഐയെക്കൂടി കക്ഷി ചേർക്കണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കുമെന്ന് അഭിഭാഷകൻ ജോണി കെ. ജോർജ് പറഞ്ഞു.
കേസിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് സെക്രട്ടറി, മത്തായിയുടെ ഭാര്യ ഷീബാമോൾ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിശദവിവരങ്ങളടങ്ങിയ ഡയറിയും മറ്റു രേഖകളും ഇന്നലെ തിരുവനന്തപുരത്ത് സി.ബി.ഐ ഓഫീസിലെത്തിച്ചു.