ആറന്മുള : കൊവിഡ് സാഹചര്യത്തിൽ ആറൻമുള വള്ളംകളി ഉൾപ്പെടെ പാർത്ഥസാരഥി ക്ഷേത്രത്തിലെ ചടങ്ങുകൾ ലളിതമായി നടത്തുമ്പോൾ എല്ലാത്തിലും പങ്കെടുക്കുന്നതിനുള്ള നിയോഗം ളാക ഇടയാറന്മുള പള്ളിയോടത്തിന്. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കൽ, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയിൽ ഇൗ പള്ളിയോടം പങ്കെടുക്കും.
ആറന്മുളയ്ക്ക് സമീപമുള്ള കരകളിലേതെങ്കിലുമൊന്ന് കൊവിഡ് മാനദണ്ഡങ്ങളും എല്ലാ കരകൾക്കുമുള്ള പ്രാതിനിധ്യവും ഉൾപ്പെടെ പാലിക്കാൻ തയ്യാറായാൽ മൂന്ന് ചടങ്ങുകളിലും പങ്കെടുക്കാമെന്നാണ് അറിയിച്ചിരുന്നത്. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാൻ കിഴക്കൻമേഖലയിൽ നിന്നുള്ള കരക്കാരും ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറൻമേഖലയിൽ നിന്നുള്ള കരക്കാരും അഷ്ടമിരോഹിണി വള്ളസദ്യക്ക് മദ്ധ്യമേഖലയിൽ നിന്നുള്ള കരക്കാരും പ്രാതിനിധ്യം വഹിക്കും. എല്ലാ ചടങ്ങുകളിലും ളാകഇടയാറന്മുള കരയിൽ നിന്നുള്ളവർക്ക് പുറമേ ഓരോ ചടങ്ങിലും മറ്റ് കരകളിൽ നിന്നുള്ള 15 മുതൽ 18 പേർവരെ പങ്കാളികളാകും.
പള്ളിയോടത്തിൽ ആകെയുള്ളവരുടെ എണ്ണം 24 ആയി നിജപ്പെടുത്തണമെന്ന സർക്കാർ നിർദ്ദേശം പാലിച്ചായിരിക്കും ഇവയെല്ലാം നടത്തുന്നത്.
-----------
കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിൽ നിന്നും കമ്മ്യൂണിറ്റി ക്ളസ്റ്ററുകളിൽ നിന്നുമുള്ളവരെ പങ്കെടുപ്പിക്കരുതെന്ന് കരകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ കൃഷ്ണവേണി ,സെക്രട്ടറി പി.ആർ രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
-------------
വലിപ്പംകൊണ്ടും രൂപഭംഗികൊണ്ടും മുൻപന്തിയിലുള്ള പള്ളിയോടമാണ് ളാകഇടയാറന്മുള. 2001 ൽ പുത്തൻപള്ളിയോടമായി ചങ്ങംകരി വേണുആചാരിയാണ് നിർമ്മിച്ചത്.
ളാക ഇടയാറന്മുള പള്ളിയോട സേവാസമിതിയുടെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിൽ തുഴക്കാരും പാട്ടുകാരുമുൾപ്പെടെ 110 പേർക്ക് കയറാം. ജലനിരപ്പിൽ നിന്ന് 18 അടി അമരപ്പൊക്കം. അണിയത്തിന്റെ പൊക്കം 8 അടി. നാൽപത്തി ആറേമുക്കാൽ കോൽ നീളവും 64 അംഗുലം ഉടമയുമുണ്ട് പള്ളിയോടത്തിന്. സി ആർ സോമശേഖരൻ നായർ പ്രസിഡന്റും മുരളീകൃഷ്ണൻ സെക്രട്ടറിയും അരവിന്ദാക്ഷൻനായർ ട്രഷററുമാണ്. പള്ളിയോട സേവാസംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുരളി ജി. പിള്ള ശ്രീപാദം, രാജപ്പൻ പിള്ള കെ.കെ., എന്നിവർ പ്രതിനിധികളുമാണ്.