pta

പത്തനംതിട്ട : ഓൺലൈൻ പഠനം വിലയിരുത്താൻ ഓൺലൈൻ പി.ടി.എ മീറ്റിംഗുകളും തകൃതി. സാങ്കേതിക വിദ്യ ഉപയോഗിച്ച് ദൂരത്തെയും സമയത്തേയും മറികടന്ന് പുതുമ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഓരോ വിദ്യാലയവും. ഇതിലൊന്നാണ് ഒാൺലൈൻ വഴിയുള്ള പി.ടി.എ യോഗം. അദ്ധ്യാപകരും വിദ്യാർത്ഥികളും മാത്രമല്ല.

പാഠപുസ്തക രചയിതാക്കൾ, പുസ്തകത്തിന് ചിത്രം വരച്ചവർ, ഓൺലൈൻ ക്ലാസ് എടുത്ത അദ്ധ്യാപകർ എന്നിവരും മീറ്റിംഗുകളിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ ബുദ്ധിമുട്ടുകൾ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും നേരിട്ട് മനസിലാക്കാനും ഇത് സഹായിക്കുന്നുണ്ട്. പഠനരീതി മാതാപിതാക്കൾക്ക് മനസിലാക്കിക്കൊടുക്കാനും കഴിയുന്നു. സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഒാൺലൈൻ സാങ്കേതിക വിദ്യയും പറഞ്ഞുനൽകും.

---------

രാജേഷ്.എസ്. വള്ളിക്കോട്

( പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ )

മാന്തുക ഗവ.യുപി സ്കൂളിൾ സംഘടിപ്പിച്ച് ഒാൺലൈൻ പി.ടി.എ യോഗത്തിൽ പങ്കെടുത്തിരുന്നു. മൂന്നാം ക്ലാസിലെ പി.ടി.എ യോഗമാണ് ആദ്യം നടത്തിയത്. വിജയിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. വിദ്യാർത്ഥികൾ തന്നെയാണ് യോഗം നിയന്ത്രിച്ചത്.
ടേം പരീക്ഷ ഈ സാഹചര്യത്തിൽ നടത്തുന്നത് അഭികാമ്യമല്ല എന്ന എന്ന അഭിപ്രായമാണ് യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചത്. വായനയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങളും ഉണ്ടായി. ഇത് വേറിട്ട ഒരു യോഗമാണ്. കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ ഇങ്ങനെയുള്ള യോഗങ്ങൾ ഏറെ സഹായകരമാകും. മൂന്നാംക്ലാസിലെ അദ്ധ്യാപകൻ നൗഫലും ഈ ക്ലാസിൽ പങ്കെടുത്തിരുന്നു. ലോകത്ത് എവിടെയിരുന്നും ക്ലാസുകൾ കാണാനും മനസിലാക്കാനും കഴിയുന്നത് വലിയൊരു കാര്യമാണ്.

---------------

നിഷ

രക്ഷിതാവ്

ഞാൻ പ്രവാസിയായ ഒരു അമ്മയാണ്. മകൻ എന്ത് പഠിക്കുന്നുവെന്ന് മുമ്പ് എനിക്കറിയില്ലായിരുന്നു. ഇപ്പോൾ ഓരോ ക്ലാസുകളും ഞാനും കൂടി കാണും. അവർ പറയുന്ന പോലെ എഴുതിയോ ചെയ്തോ എന്നൊക്കെ എനിക്ക് മകനോട് ചോദിക്കാനും മനസിലാകാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും കഴിയും. അത് വലിയൊരു നേട്ടമാണ്.