അടൂർ : ഒാണനാളുകളിലും കുടിവെള്ളം ലഭ്യമാക്കാതെ ജനങ്ങളെ വലയ്ക്കുകയാണ് വാട്ടർ അതോറിറ്റി. അടൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നത് അടൂർ ശുദ്ധജലവിതരണ പദ്ധതിയാണ്. പൈപ്പ്പൊട്ടലാണ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിനാൽ ഉന്നത മർദ്ദത്തിൽ വെള്ളം തുറന്നുവിടാൻ കഴിയാത്തതാണ് പദ്ധതി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിനാൽ പലയിടങ്ങളിലും വാൽവുകൾ പൂർണമായും തുറക്കാൻ കഴിയാത്തതിനാൽ ഉയർന്ന പ്രദേശങ്ങളിൽ മഴക്കാലത്തുപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ചിരണിക്കൽ പ്ളാന്റിൽ നിന്ന് കെ. പി റോഡ് വരെ രണ്ട് ലൈനുകളായാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഗുണനിലവാരം കുറഞ്ഞ ഇൗപൈപ്പുകൾ മാറ്റി ഉന്നത നിലവാരമുള്ള ഡി. ഐ പൈപ്പുകൾ സ്ഥാപിക്കാൻ പൈപ്പ് ഇറക്കിയിട്ടിട്ട് വർഷങ്ങളായി. പൈപ്പ് മാറ്റാത്തതുകാരണം പറക്കോട് - കൊടുമൺ റോഡിന്റെ ടാറിംഗും നടക്കുന്നില്ല. റോഡാകട്ടെ തകർന്ന് തരിപ്പണവുമായി. അടൂർ മുതൽ ഏനാദിമംഗലം വരെയാണ് ഡി. ഐപൈപ്പുകൾ മാറ്റി സ്ഥാപിച്ചത്. നിർമ്മാണത്തിലെ അപാകത കാരണം ജലചോർച്ചയുമുണ്ട്. ഉന്നത നിലവാരത്തിൽ ടാർ ചെയ്ത കെ. പി റോഡ് തകരുന്നതിനും ഇത് ഇടയാക്കുന്നു. അടൂർ നഗരസഭയിൽ പന്നിവിഴ ഭാഗത്ത് നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിവെള്ളം ലഭ്യമാകാതെ വലയുന്നത്. എം. ജി റോഡിലും മാർക്കിറ്റിലൂടെ കടന്നുപോകുന്ന റിംഗ് റോഡിലേയും സ്ഥിതി വത്യസ്തമല്ല. ഭൂരിപക്ഷം വീട്ടുകാരും പൈപ്പ് ലൈൻ കണക്ഷൻ എടുത്തിട്ടുള്ളതാണ്.വല്ലപ്പോഴും വെള്ളം എത്തിയാൽത്തന്നെ നൂൽ വണ്ണത്തിലാണ് ലഭിക്കുന്നത്. എം. ജി റോഡിൻ്റെ തുടക്കത്തിൽ ആർ.ഡി. ഒ.ക്വാർട്ടേഴ്‌സിന് സമീപത്തെ വാൽവ് തകരാാറിലായിട്ട് മാസങ്ങളായി ഇത്. പരിഹരിക്കാൻ നടപടിയില്ലാത്തതതിനാൽ നഗരസഭയിലെ 4.5, 6 വാർഡുകളിലെ താഴ്ന്ന ഭാഗങ്ങളിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് പരാതിപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാരണങ്ങൾ നിരത്തി പരാതിിക്കാരുടെ കണ്ണിൽ പൊടിയിടുകയാണ്.