തിരുവല്ല: തോട്ടഭാഗം - പായിപ്പാട് റോഡിൽ ആഞ്ഞിലിത്താനത്തെ കലുങ്ക് നിർമ്മാണം മുടങ്ങിയതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലായി. തോട്ടഭാഗം - പായിപ്പാട് റോഡ് പുനർനിർമ്മിച്ചപ്പോൾ ആഞ്ഞിലിത്താനത്ത് മൂന്നടിവരെ റോഡ് ഉയർന്നു. ഇതുകാരണം മഴകാലത്ത് റോഡിന്റെ വടക്കുഭാഗത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു. മുമ്പ് താഴ്ന്നു കിടന്ന റോഡിലൂടെ ഒഴുകിയിരുന്ന വെള്ളമെല്ലാം ഇപ്പോൾ ഒഴുക്കില്ലാതെ തടസപ്പെട്ട സ്ഥിതിയിലായി. ഇതുമൂലം സമീപ പ്രദേശങ്ങളിലെ നൂറോളം വീടുകളിലും റേഷൻകട, ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലുമെല്ലാം വെള്ളംകയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നു. മഴ ശക്തമായാൽ ഉടൻ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകാനും വഴിയൊരുക്കി. മഴയത്ത് കെട്ടിക്കിടക്കുന്ന വെള്ളം റോഡിന്റെ മറുവശത്തേക്ക് ഒഴുകിപ്പോകാൻ കലുങ്ക് നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. പ്രദേശവാസികളുടെ ദുരിതത്തിനും പരിഹാരമാകും. മാസങ്ങൾക്ക് മുമ്പ് ഈപ്രശ്നങ്ങൾ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് ആഞ്ഞിലിത്താനത്ത് കലുങ്ക് സ്ഥാപിക്കാൻ പൊതുമരാമത്ത് അധികൃതർ നടപടിയും തുടങ്ങിയതാണ്. എന്നാൽ കലുങ്ക് നിർമ്മാണം ഇടയ്ക്ക് ഒഴിവാക്കി അധികൃതർ റോഡ് നിർമ്മിക്കുകയും ചെയ്തു.
പണിതീരാതെ ഓടയും
കലുങ്കിന്റെ പണികൾ മുടങ്ങിയതിനൊപ്പം ഇവിടുത്തെ ഓടയുടെ നിർമ്മാണവും തടസപ്പെട്ടിരിക്കുകയാണ്. ഓടയിലൂടെ ഒഴുകിവരുന്ന വെള്ളവും ഇവിടെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലും ജനങ്ങൾ ദുരിതത്തിലായതോടെ വീണ്ടും കലുങ്ക് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കി. വെള്ളക്കെട്ടിന്റെ ദുരിതത്തിൽ കഴിയുന്ന നൂറോളം കുടുംബങ്ങൾ ആഞ്ഞിലിത്താനത്ത് കലുങ്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും നൽകി.