medi

കോന്നി : നേരത്തെ പ്രഖ്യാപിച്ചതുപോലെ കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ ഈ മാസം ഒ.പി പ്രവർത്തനം തുടങ്ങാൻ കഴിയില്ലെന്ന് ഉറപ്പായി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായില്ല. അടുത്തമാസം ആദ്യം ഒ.പി തുടങ്ങാനാണ് ഇപ്പോൾ തിരക്കിട്ട നീക്കം നടക്കുന്നത്. സെപ്തംബർ ഏഴിന് മുമ്പ് ഒ.പി തുറന്നുകൊടുക്കാനാണ് ശ്രമം. എന്നാൽ വിദ്യാർത്ഥി പ്രവേശനം ഉൾപ്പടെയുള്ളവ ഈ വർഷം ഉണ്ടാകില്ല. ഒ.പി തുടങ്ങാനുള്ള പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. വ്യവസ്ഥകളോടെ മെഡിക്കൽ ബോർഡിന്റെ പാരസ്ഥിതിക അനുമതിയും ലഭിച്ചിരുന്നു.

തുടങ്ങിയത് ഓഫീസ് മാത്രം

മെഡിക്കൽ കോളേജ് ഒ.പി തുടങ്ങുന്നതിന് മുന്നോടിയായുള്ള ഓഫീസുകൾ മാത്രമാണ് നിലവിൽ പ്രവർത്തനം തുടങ്ങിയത് .. പ്രിൻസിപ്പൽ, സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫീസർ,

കോൺഫിഡൻഷ്യൽ അസിസ്​റ്റന്റ്, സെക്യൂരി​റ്റി അസിസ്​റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ലൈബ്രേറിയൻ, നാല് ക്ലാർക്കുമാർ, ലൈബ്രറി അ​റ്റൻഡർ, രണ്ട് ഓഫീസ് അ​റ്റൻഡന്റുമാർ, ഒരു ഫുൾ ടൈം സ്വീപ്പർ എന്നിവരുടെ നിയമനം നടന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം തലവനായി

പ്രവർത്തിച്ചിരുന്ന ഡോ.സി.എസ്.വിക്രമനാണ് പ്രിൻസിപ്പൽ. കോട്ടയം മെഡിക്കൽ കോളേജിൽ കമ്മ്യൂണി​റ്റി മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിച്ചു വന്ന ഡോ.സജിത് കുമാറാണ് സൂപ്രണ്ട്. മെഡിക്കൽ കോളേജിന്റെ ചുമതല പ്രിൻസിപ്പലിനും ആശുപത്രിയുടെ ചുമതല സൂപ്രണ്ടിനുമാണ്. ഇതിന് പുറമെ 60 തസ്തികകൾ കൂടി സൃഷ്ടിക്കണം. ഇതിനായുള്ള നടപടികൾ നടക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങളായില്ല

മെഡിക്കൽ കോളേജിലേക്കുള്ള കുടിവെള്ള പദ്ധതി പൂർത്തീകരിച്ചില്ല. നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായെങ്കിലും കമ്മിഷനിംഗ് വൈകും. ട്രയൽ റണ്ണും പരാജയമായിരുന്നു.

ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങൾ ലഭ്യമായിട്ടില്ല. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജീവനക്കാർക്കുള്ള താമസ സൗകര്യം ഒരുക്കിയില്ല. മെഡിക്കൽ കോളേജ് റോഡും തകർന്ന് കിടക്കുകയാണ്. മെഡിക്കൽ കോർപ്പറേഷനിൽ നിന്ന് മരുന്നും എത്തിയിട്ടില്ല. ഇവയെല്ലാം ലഭ്യമാക്കേണ്ടതുണ്ട്. യാത്രാ സൗകര്യവും ആശങ്കയിലാണ്.

ഒരുക്കിയ പ്രധാന സൗകര്യങ്ങൾ

10 വാർഡുകൾ, 300 കിടക്കൾ, 280 ടോയ്ലറ്റുകൾ എന്നിവയാണ് ഇപ്പോൾ അടിയന്തരമായി ഒരുക്കിയിരിക്കുന്നത്. താൽക്കാലികമായി കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കാൻ ജല അതോറിറ്റിയും കെ.എസ്.ഇ.ബിയും നടപടി സ്വീകരിച്ചിട്ടുണ്ട്. യാത്രാ സൗകര്യത്തിന് കെ.എസ്.ആർ.ടി.സി താൽക്കാലിക സർവീസ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ട്രിപ്പുകളും സമയക്രമവും നിശ്ചയിച്ചിട്ടില്ല.

------------------

മെഡിക്കൽ കോളേജിൽ ഒ.പി തുടങ്ങാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. ഓണം അവധിയാണ് പ്രവർത്തനം തുടങ്ങാൻ തടസമായത്. മന്ത്രിയുടെ കൂടി സമയം ലഭിച്ചാൽ സെപ്തംബർ ഏഴിന് മുമ്പ് പ്രവർത്തനം തുടങ്ങാൻ കഴിയും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ