തിരുവല്ല: നിരവധി റോഡുകൾ സംഗമിക്കുന്ന മുത്തൂർ ജംഗ്‌ഷനിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങും. മാത്യു ടി. തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച സിഗ്നൽ സംവിധാനം ഇന്ന് വൈകിട്ട് 3.30ന് എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ മുഖ്യാതിഥിയാകും. എം.സി റോഡിൽ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളും മുത്തൂർ ജംഗ്ഷനിൽ എത്തിചേരുന്ന ചുമത്ര, കുറ്റപ്പുഴ, കാവുംഭാഗം എന്നീ റോഡുകളിൽ നിന്നുള്ള വാഹനങ്ങൾക്കും സമയം നിശ്ചയിച്ചു നൽകിയാണ് സിഗ്നൽ ലൈറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗമാണ് പണികൾ നിർവഹിച്ചത്. കഴിഞ്ഞയാഴ്ച എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കും മുത്തൂർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നു.