പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളത്ത് ഫാം ഉടമ മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസ് ഫയൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി തെളിവിലേക്കു കണ്ടെടുത്ത എല്ലാ വസ്തുവകകളും തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 164 സി.ആർ.പി.സി പ്രകാരമുള്ള മൊഴികൾ രേഖപ്പെടുത്താൻ അപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു നൽകിയതും നിയമോപദേശവും ഉൾപ്പെടെയാണ് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സി.ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. സുധാകരൻ പിള്ളയാണ് കേസ് ഫയലും ബന്ധപ്പെട്ട രേഖകളും സി.ബി.ഐക്കു ഇന്നലെ കൈമാറിയത്.
യുവാവ് മരിച്ചതുമായി ബന്ധപ്പെട്ടു പരാതികൾ ഉയർന്നപ്പോൾ ഡമ്മി പരീക്ഷണം ഉൾപ്പെടെ നടത്തിയിരുന്നു. സ്വാഭാവികമായി കിണറ്റിൽ വീഴുന്നതിലൂടെയും അസ്വാഭാവിക വീഴ്ചയിലൂടെയും മരണം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് പൊലീസ് സർജനും തിരുവനന്തപുരം എഫ്.എസ്.എൽ അസിസ്റ്റന്റ് ഡയറക്ടറും അടങ്ങിയ സംഘമാണ് പരീക്ഷണം നടത്തിയത്.