കോന്നി: വകയാർ പോപ്പുലർ ഫൈനാൻസുമായി ബന്ധപ്പെട്ട് കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതികളെല്ലാം കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
നിലവിലെ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ ഇതുമായി ചേർക്കും. നിക്ഷേപകർ സിവിൽ നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിൽ സ്വന്തമായി നടത്തണം.
കോന്നി പൊലീസ് ഇൻസ്പെക്ടർ പി.എസ് രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാർ, എ.എസ്.ഐമാർ മറ്റു പൊലീസുദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെയും പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെയും അന്വേഷണം നടത്തിവരികയാണ്. കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. അടൂർ ഡിവൈ.എസ്.പി ആർ.ബിനു കേസിന്റെ മേൽനോട്ടം വഹിക്കും.
------------------
നിക്ഷേപകരിൽ കള്ളപ്പണക്കാരും
പണം നിക്ഷേപിച്ചവരിൽ കള്ളപ്പണക്കാരുമുണ്ടെന്ന് വിവരം ലഭിച്ചു. വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്ന് ഭയന്ന് ഇവർ പരാതിയുമായി രംഗത്തു വന്നിട്ടില്ല. പൊലീസിന് ലഭിച്ച പരാതികളിൽ ഏറ്റവും ഉയർന്ന നിക്ഷേപ തുക 1.45 കോടിയുടേതാണ്. അതിന്റെ പതിൻമടങ്ങ് നിക്ഷേപിച്ചവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ഇവർ പരാതിപ്പെട്ടാൽ വരുമാന സ്രോതസ് കാണിക്കേണ്ടിവരും. ആയിരം കോടിയിലേറെയാണ് പോപ്പുലർ ഫൈനാൻസിലെ മൊത്തം നിക്ഷേപം. കൃത്യമായ കണക്ക് പൊലീസ് ശേഖരിച്ചു വരികയാണ്.
സ്ഥലം വിറ്റും ചിട്ടി പിടിച്ചും നിക്ഷേപം നടത്തിയവരിൽ 25 മുതൽ 40 ലക്ഷം വരെ നഷ്ടപ്പെട്ടവർ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പോപ്പുലർ ഫൈനാൻസ് ഡയറക്ടർമാരായ വകയാർ സ്വദേശികളായ തോമസ് ഡാനിയേലും പ്രഭാ തോമസും ഒളിവിലാണ്. ഇവർക്കെതിരെ പൊതുനിരത്തുകൾ, പൊലീസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങളിലും ലുക്ക് ഒൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.
പ്രതികളുടെ വകയാറിലെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇത് തുറക്കുന്നതിന് കോന്നി പൊലീസ് പത്തനംതിട്ട കോടതിയുടെ അനുമതി ചോദിച്ചിട്ടുണ്ട്.
നാടിനെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പിൽ നൂറ് കണക്കിന് ആളുകളുടെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
---------------------------